Your Title

2011, ജനുവരി 5, ബുധനാഴ്‌ച

കര്‍ക്കരെക്ക് വധഭീഷണി: ദിഗ് വിജയ് സിങ് ഉറച്ചുതന്നെ

12.12.2010 മാധ്യമം

ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്. ഏറെ കോളിളക്കമുണ്ടാക്കിയ തന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദിഗ് വിജയ്.
ബി.ജെ.പിയുടെ കാടിളക്കലിനെ വിമര്‍ശിച്ച ദിഗ് വിജയ് സിങ് മുംബൈ ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെ ചോദ്യം ചെയ്യുകയായിരുന്നില്ല, വിഷയവുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ വ്യക്തമാക്കുകയായിരുന്നു താനെന്ന് വിശദീകരിച്ചു.
മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌കോഡ് തലവന്‍ ഹേമന്ത് കര്‍ക്കരെയുടെ സത്യസന്ധതയും ആര്‍ജവവും പ്രതിബദ്ധതയും ബി.ജെ.പി ചോദ്യം ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണം. മാലേഗാവ് അന്വേഷണത്തെ തുടര്‍ന്ന് കര്‍ക്കരെക്കുണ്ടായ ഭീഷണി വെളിപ്പെടുത്തിയതിന് തനിക്കെതിരെ തിരിഞ്ഞ ബി.ജെ.പി മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ പ്രക്ഷോഭവുമായി പ്രധാനമന്ത്രിയെ സമീപിച്ചതെന്തിനാണ്? മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി പ്രജ്ഞാ സിങ് താക്കൂറിനെ പിന്തുണക്കുന്ന ബി.ജെ.പി പ്രതികളുടെ കേസിലെ പങ്കാളിത്തം നിഷേധിച്ചതായും സിങ് കുറ്റപ്പെടുത്തി.
മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌കോഡ് തലവന്‍ ഹേമന്ത് കര്‍ക്കരെയുടെ സത്യസന്ധതയും ആര്‍ജവവും പ്രതിബദ്ധതയും ഈ നേതാക്കള്‍ ചോദ്യം ചെയ്തതെന്തിനാണെന്നും വിശദീകരിക്കണം. പ്രജഞാ സിങ് താക്കൂര്‍, സ്വാമി ദയാനന്ദ് പാണ്ഡെ, ഇന്ദ്രേഷ് കുമാര്‍ എന്നിവരുടെ ഭീകര പ്രവര്‍ത്തനങ്ങളെ ഇവര്‍ പിന്തുണക്കുന്നതെന്തിനാണെന്നും സിങ് ചോദിച്ചു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ബി.ജെ.പി ആദ്യം ചെയ്യേണ്ടതെന്ന് സിങ് ഓര്‍മിപ്പിച്ചു. നടത്തിയ പ്രസ്താവനയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. 26/11ലെ പാകിസ്ഥാന്റെ പങ്കാളിത്തം ഞാന്‍ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. ഹേമന്ത് കര്‍ക്കരെയെ കൊന്നത് തീവ്ര വലതുപക്ഷ സംഘടനകളാണെന്ന് പറഞ്ഞിട്ടുമില്ല. ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയം കളിക്കുകയല്ല താന്‍. വിഷയവുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പറയുകയാണ് ചെയ്തത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി താനിത് പറഞ്ഞുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം ഭീകരതക്കും ഹിന്ദു ഭീകരതക്കുമെതിരെ ഒരു പോലെ നടപടിയെടുത്ത സമര്‍ഥനായ ഉദ്യോഗസ്ഥനെന്ന നിലയില്‍ കര്‍ക്കരെയോട് അങ്ങേയറ്റത്തെ ആദരവാണ് തനിക്കുള്ളതെന്നും ദിഗ് വിജയ് പറഞ്ഞുനിര്‍ത്തി. മലേഗാവ് അന്വേഷണത്തെ തുടര്‍ന്ന് വലതുപക്ഷ തീവ്രഹിന്ദു സംഘടനകളുടെ ഭീഷണിയുണ്ടെന്ന് മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് കര്‍ക്കരെ ഫോണ്‍ സംഭാഷണത്തിനിടെ തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു ദിഗ് വിജയ് സിങിന്റെ വെളിപ്പെടുത്തല്‍.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More