Your Title

2011, ജനുവരി 20, വ്യാഴാഴ്‌ച

സംജോത സ്ഫോടനം: ഹിന്ദു തീവ്രവാദികള്‍!

മൂന്നുവര്‍ഷം മുമ്പ്‌ ഇന്ത്യയില്‍ നിന്നു പാകിസ്താനിലേക്ക്‌ പോവുകയായിരുന്ന സംജോത എക്സ്പ്രസ്‌ ബോംബ്‌ വച്ചു തകര്‍ത്തത്‌ അജ്മീര്‍ ദര്‍ഗയിലും ഹൈദരാബാദ്‌ മക്കാ മസ്ജിദിലും സ്ഫോടനം നടത്തിയവര്‍ തന്നെയാണെന്ന നിര്‍ണായകമായ മറ്റൊരു സൂചന കൂടി സി.ബി.ഐക്കു ലഭിച്ചു. 

സംജോത, ഹൈദരാബാദ്‌, അജ്മീര്‍ സ്ഫോടനങ്ങള്‍ക്കു ബോംബ്‌ എത്തിച്ചത്‌ ഇന്‍ഡോറില്‍നിന്നാണെന്നും മൂന്നിടത്തും ബോംബ്‌ പൊട്ടിക്കാന്‍ ഉപയോഗിച്ച വിദ്യ സമാനമായിരുന്നുവെന്നും സി.ബി.ഐ ഡയറക്ടര്‍ അശ്വനി കുമാര്‍ വെളിപ്പെടുത്തി. സ്ഫോടനങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു സി.ബി.ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അജ്മീര്‍, മക്കാ മസ്ജിദ്‌ സ്ഫോടനങ്ങളിലെ പ്രതികളായ ദേവേന്ദ്ര ഗുപ്ത, ചന്ദ്രശേഖര്‍ ബറോഡ്‌ എന്നിവരെ ഹരിയാന തീവ്രവാദവിരുദ്ധ സ്ക്വാഡും സി.ബി.ഐയും സംയുക്തമായി ചോദ്യംചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്‌. സംജോത സ്ഫോടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി സംയുക്ത ചോദ്യംചെയ്യല്‍ ആരംഭിച്ചുവെന്ന്‌ സി.ബി.ഐ ഡയറക്ടര്‍ സ്ഥിരീകരിച്ചു. 

സംജോത എക്സ്പ്രസ്സിന്റെ രണ്ടു ബോഗികളില്‍ സ്യൂട്ട്കേസ്‌ പൂട്ടാണ്‌ ബോംബുകള്‍ പൊട്ടിക്കുന്നതിനുള്ള ട്രിഗറായി ഉപയോഗിച്ചത്‌. 2007 ജനുവരി 18നാണ്‌ സ്ഫോടനമുണ്ടായത്‌. 2007 മെയില്‍ മക്കാ മസ്ജിദിലും 2007 ഒക്ടോബറില്‍ അജ്മീറിലും ബോംബുകള്‍ പൊട്ടിക്കുന്നതിന്‌ ഇതേ മാര്‍ഗമാണ്‌ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പരബന്ധിതമായ ലോഹനിര്‍മിത പൈപ്പുകള്‍ ഒരേ നിരയില്‍ അടുക്കിവച്ച്‌ അതിനകത്താണു സ്ഫോടകവസ്തുക്കള്‍ കുത്തിനിറച്ചിരുന്നത്‌. ചെറിയ സ്യൂട്ട്കേസ്‌ പൂട്ടാണ്‌ മൂന്നിടത്തും ട്രിഗറായി വര്‍ത്തിച്ചത്‌. സംജോതയില്‍ സ്യൂട്ട്കേസില്‍ തന്നെ പിടിപ്പിച്ച പൂട്ടാണ്‌ ഇതിന്‌ ഉപയോഗിച്ചതെങ്കില്‍ മറ്റു രണ്ടിടങ്ങളിലും തകരപ്പെട്ടികളില്‍ നിറച്ച സ്ഫോടകവസ്തുക്കള്‍ പൊട്ടിക്കാന്‍ സ്യൂട്ട്കേസ്‌ പൂട്ടുകള്‍ പ്രത്യേകം ഘടിപ്പിക്കുകയാണുണ്ടായത്‌.

ഹരിയാന എ.ടി.എസിന്‌ മൂന്നുവര്‍ഷമായിട്ടും കേസിന്‌ തുമ്പുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. മക്കാ മസ്ജിദ്‌, അജ്മീര്‍ സ്ഫോടനങ്ങളിലെ പ്രതികളെ പിടിച്ചതോടെയാണ്‌ നിര്‍ണായക സൂചനകള്‍ ലഭിച്ചത്‌. സ്ഫോടനങ്ങള്‍ തമ്മിലുള്ള സാമ്യതകള്‍ സി.ബി.ഐ എ.ടി.എസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ടി.എസ്‌ സി.ബി.ഐയുമായി ബന്ധപ്പെടുകയും സംയുക്ത അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്‌. അജ്മീര്‍ ദര്‍ഗയിലുണ്ടായ ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ ഹിന്ദുത്വസംഘടനയായ അഭിനവ്‌ ഭാരത്‌ സംഘാതന്‍ പ്രവര്‍ത്തകരെ രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ്‌ അടുത്തിടെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. അജ്മീരിലെ ബിഹാരിഗഞ്ച്‌ സ്വദേശി ദേവേന്ദ്ര ഗുപ്തയാണ്‌ ആദ്യം പിടിയിലായത്‌. മലേഗാവ്‌ സ്ഫോടനത്തിലെ മുഖ്യപ്രതി സാധ്വി പ്രജ്ഞാസിങ്‌ ഠാക്കൂറുമായി ഇയാള്‍ക്കു ബന്ധമുണെ്ടന്ന്‌ രാജസ്ഥാന്‍ എ.ടി.എസ്‌ തലവനും എ.ഡി.ജി.പിയുമായ കപില്‍ ഗാര്‍ഗ്‌ അറിയിച്ചിരുന്നു. പിടിയിലായവര്‍ക്ക്‌ ആര്‍.എസ്‌.എസുമായുള്ള ബന്ധവും വെളിപ്പെടുകയുണ്ടായി. 

2005 ഒക്ടോബറില്‍ ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തിലും ഇവര്‍ക്കു പങ്കുണെ്ടന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു സമാനമായ ഈ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുക്കണമെന്ന്‌ വിവിധ മുസ്ലിം സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ അപ്രധാനമായ പല സ്ഫോടനങ്ങളുടെയും അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ ഇക്കാര്യത്തില്‍ മാത്രം വിമുഖത കാട്ടുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. അജ്മീര്‍ സ്ഫോടനത്തിന്റെ പേരില്‍ പോലിസ്‌ പിടികൂടിയ നിരവധി മുസ്ലിം യുവാക്കള്‍ ഇപ്പോഴും ജയിലിലാണെന്നും ഇവര്‍ക്ക്‌ അര്‍ഹമായ നഷ്ടപരിഹാരം നല്‍കി വിട്ടയക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

(തേജസില്‍ വന്നത്)

http://flicker.mywebdunia.com/2010/05/22/1274506260000.html

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More