2011, ജനുവരി 13, വ്യാഴാഴ്‌ച
കലീമിന്റെ വിശാലഹൃദയം നമിച്ച് രാഷ്ട്രപതിക്ക് അസിമാനന്ദയുടെ കത്ത്
ന്യൂദല്‍ഹി: സ്‌ഫോടന പരമ്പരകളിലെ പ്രതി അസിമാനന്ദ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി എന്നിവര്‍ക്ക് തെറ്റുകള്‍ ഏറ്റുപറഞ്ഞ് കത്തെഴുതി. താന്‍ ചെയ്ത കുറ്റകൃത്യത്തിന്റെ പേരില്‍ തടവുശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെട്ട കലീം എന്ന യുവാവാണ് തന്റെ മാനസാന്തരത്തിന് വഴിയൊരുക്കിയതെന്ന് കത്തില്‍ പറയുന്നു. 'തെഹല്‍ക' മാഗസിനാണ് ഈ കത്തുകളുടെ പകര്‍പ്പ് പുറത്തു വിട്ടത്. രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെഴുതിയ കത്തിന്റെ ഉള്ളടക്കം ഇങ്ങനെ:
പ്രിയ രാഷ്ട്രപതിക്ക്, ഞാന്‍ സ്വാമി അസിമാനന്ദ. സംഝോത എക്‌സ്‌പ്രസിലും മറ്റും സ്‌ഫോടനം സംഘടിപ്പിക്കാനും ആളുകളെ അതിനു പ്രേരിപ്പിക്കാനും ശ്രമിച്ചവരില്‍ ഒരാളാണ് ഞാന്‍. ഹിന്ദു ക്ഷേത്രങ്ങളില്‍ ജിഹാദി ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണത്തിലെ രോഷമായിരുന്നു എന്നെ അതിനു പ്രേരിപ്പിച്ചത്്. അറസ്റ്റിനെ തുടര്‍ന്ന് ഞാന്‍ ജയിലില്‍ അടക്കപ്പെട്ടു. ജയിലില്‍ ഹൈദരാബാദില്‍ നിന്നുള്ള കലീം എന്നു പേരുള്ള മുസ്‌ലിം യുവാവ് എന്നോട് വല്ലാതെ അടുപ്പവും ദയയും കാണിച്ചു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവനോട് എങ്ങനെ ജയിലില്‍ എത്തിപ്പെട്ടു എന്നു ചോദിച്ചു.അപ്പോള്‍ അവന്‍ പറഞ്ഞു, നേരത്തെ മക്കാ മസ്ജിദ് ആക്രമണത്തിന്റെ പേരില്‍ ഹൈദരാബാദ് പൊലീസ് തന്നെ അകാരണമായി അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ആയിരുന്നുവെന്ന്. അവന്റെ വാക്കുകള്‍ എന്റെ മനഃസാക്ഷിയെ വല്ലാതെ കുത്തി നോവിച്ചു. അതെന്നില്‍ മാനസാന്തരമുണ്ടാക്കി. ആ കുട്ടിക്ക് എന്നെ ശരിക്കും വെറുക്കാമായിരുന്നു. എന്നിട്ടും അവന്‍ എന്നോട് സ്‌നേഹം പുലര്‍ത്തി. എന്തൊക്കെ പറഞ്ഞാലും എന്റെ തെറ്റായ നടപടി കാരണമാണല്ലോ അവന്‍ ഈ ദുരിതം അനുഭവിക്കേണ്ടി വന്നത്. അതോടെ ഒരു കാര്യം എനിക്ക് ബോധ്യമായി. രണ്ടു മനുഷ്യര്‍ക്കിടയിലെ സ്‌നേഹം രണ്ടു വിഭാഗങ്ങള്‍ക്കിടയിലെ വെറുപ്പിനേക്കാള്‍ എത്രയോ ശക്തമാണെന്ന്. അങ്ങനെ ഞാന്‍ പ്രായശ്ചിത്തം ചെയ്യാന്‍ തീരുമാനിച്ചു. ഇക്കാര്യം സി.ബി.ഐ കസ്റ്റഡിയിലിരിക്കെ, അവര്‍ക്കു മുമ്പാകെ പറഞ്ഞു. അവര്‍ പറഞ്ഞു, പ്രായശ്ചിത്ത കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്. അങ്ങനെ ജഡ്ജി മുമ്പാകെ ഞാന്‍ സത്യം തുറന്നു പറഞ്ഞു.
പാകിസ്താന്‍ പ്രസിഡന്റിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ഒരു കത്തും ഞാന്‍ എഴുതിയിട്ടുണ്ട്. പാകിസ്താനിലെ ജിഹാദി തീവ്രവാദ നേതാക്കളെയും മറ്റു ജിഹാദി പ്രവര്‍ത്തകരെയും മാനസാന്തരപ്പെടുത്താനുള്ള ഒരവസരം എനിക്കു തരണമെന്നാണ് ആ കത്തില്‍ ഞാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എനിക്ക് പാകിസ്താനിലേക്ക് യാത്ര പോകാനും ജിഹാദി നേതാക്കളെ മാനസാന്തരപ്പെടുത്താനും സഹായം ലഭ്യമാക്കാന്‍ അങ്ങയുടെ ഓഫിസ് മുഖേന അവസരം ഒരുക്കി തരണം. അതല്ലെങ്കില്‍ ജിഹാദി നേതാക്കളെ ഇവിടെ ജയിലില്‍ എത്തിക്കാന്‍ പാക് പ്രസിഡന്റിനോട് താങ്കള്‍ ആവശ്യപ്പെടണം.
നന്ദിയോടെ, സ്വാമി അസിമാനന്ദ,
ചഞ്ചലഗുഡ സെന്‍ട്രല്‍ ജയില്‍
ഭീകരതക്കു പരിഹാരം പ്രതിഭീകരതയല്ല എന്ന് കലീം തെളിയിച്ചിരിക്കുന്നു. തീവ്ര മനസുള്ളവർ കലീമിനെ കണ്ടു പഠിക്കട്ടെ. ഇതാണ് യഥാർഥ പ്രവാചക മാത്രുക
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ