Your Title

2011, ജനുവരി 7, വെള്ളിയാഴ്‌ച

സ്‌ഫോടനങ്ങള്‍ക്ക് പണം നല്‍കിയത് ആര്‍.എസ്.എസ്-അസിമാനന്ദ

ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ നിരവധി സ്‌ഫോടനങ്ങള്‍ക്ക് പണംനല്‍കിയത് ആര്‍.എസ്.എസ് കേന്ദ്ര നേതാവ് ഇന്ദ്രേഷ്‌കുമാറാണെന്നും സ്‌ഫോടനങ്ങള്‍ നടപ്പാക്കാന്‍ ആര്‍.എസ്.എസ് പ്രചാരകുമാരുടെ ഒരു സംഘം പ്രവര്‍ത്തിച്ചുവെന്നും സ്വാമി അസിമാനന്ദ ദല്‍ഹി തീസ് ഹസാരി കോടതി മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴിനല്‍കി.
രാജ്യത്തെ മുസ്‌ലിം കേന്ദ്രങ്ങളിലും അവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആര്‍.എസ്.എസ് 2001 മുതല്‍ പദ്ധതി തയാറാക്കിയിരുന്നെന്ന് സി.ബി.ഐക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് അസിമാനന്ദയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
തനിക്ക് പുറമെ ആര്‍.എസ്.എസ് കേന്ദ്ര കമ്മിറ്റി അംഗം ഇന്ദ്രേഷ്‌കുമാര്‍, സന്യാസിനി പ്രജ്ഞ സിങ് താക്കൂര്‍, ആര്‍.എസ്.എസ് പ്രചാരകുമാരായ സന്ദീപ് ഡാങ്കെ, രാംജി കല്‍സങ്കര, സുനില്‍ ജോഷി എന്നിവരും സ്‌ഫോടനങ്ങളില്‍ പ്രധാന  പങ്കാളികളായിരുന്നു. സ്‌ഫോടനത്തിന്റെ സ്ഥലങ്ങള്‍ ആര്‍.എസ്.എസ് ആസൂത്രിതമായി തെരഞ്ഞെടുത്തതാണ്. വിഭജന കാലത്ത് പാകിസ്താനൊപ്പം പോകണമെന്ന് ഹൈദരാബാദ് നിസാം ആവശ്യപ്പെട്ടതിനാല്‍ ഹൈദരാബാദ് മക്കാ മസ്ജിദിലും  പാകിസ്താനികള്‍ യാത്രക്ക് കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ സംഝോത എക്‌സ്‌പ്രസിലും സ്‌ഫോടനങ്ങള്‍ നടത്തി. ഹിന്ദു തീര്‍ഥാടകര്‍ മേലില്‍ സന്ദര്‍ശനം നടത്താതിരിക്കാനാണ് അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനം നടത്തിയത്. മാലേഗാവില്‍ 80 ശതമാനം മുസ്‌ലിംകളായതിനാലാണ് അവിടെ രണ്ടു പ്രാവശ്യം സ്‌ഫോടനം നടത്തിയതെന്നും അസിമാനന്ദ പറഞ്ഞു. ചില മുതിര്‍ന്ന സംഘ് നേതാക്കളോടൊപ്പം 2005ലാണ് ഗുജറാത്തിലെ ശബരീ ധാം ആശ്രമത്തില്‍ ഇന്ദ്രേഷ് കുമാറും താനുമായി ആദ്യ കൂടിക്കാഴ്ച നടന്നതെന്ന് അസിമാനന്ദ വെളിപ്പെടുത്തി . ബോംബ് സ്‌ഫോടനം സൃഷ്ടിക്കല്‍ തന്റെ പണിയല്ലെന്നും അതിന് സുനില്‍ ജോഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സ്‌ഫോടനങ്ങള്‍ക്ക് പണം നല്‍കിയതും ബോംബുകള്‍ സ്ഥാപിക്കാന്‍ ആളുകളെ വിട്ടുകൊടുത്തതും താനാണെന്ന് അസിമാനന്ദ  വെളിപ്പെടുത്തി. അത് എങ്ങനെതെയന്ന് വിശദീകരിക്കുകയും ചെയ്തു. തന്റെ പങ്കാളിത്തം ഏറ്റുപറഞ്ഞ അസിമാനന്ദ നിരവധി ആര്‍.എസ്.എസ് പ്രചാരകര്‍ മറ്റു ഹിന്ദു തീവ്രവാദികള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാര്യം സമ്മതിച്ചു. അജ്മീര്‍, ഹൈദരാബാദ്, സംഝോത സ്‌ഫോടനങ്ങളിലെ ആര്‍.എസ്.എസ് ആസൂത്രണം വ്യക്തമാക്കുന്ന പ്രധാന തെളിവായി അസിമാനന്ദയുടെ മൊഴി മാറിയിട്ടുണ്ട്. അജ്മീര്‍ സ്‌ഫോടനക്കേസിലെ കൊല്ലപ്പെട്ട പ്രതി സുനില്‍ ജോഷിയുമായി താന്‍ 2003 മുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളിയായത് 2006 മുതലാണെന്നും അസിമാന്ദ പറഞ്ഞു. ഡിസംബര്‍ 18ന് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ സ്വാമി അസിമാനന്ദ ഹിന്ദിയില്‍ നടത്തിയ കുറ്റസമ്മതത്തിന്റെ പകര്‍പ്പ് തെഹല്‍ക മാഗസിനാണ് പുറത്തുവിട്ടത്.

അസിമാനന്ദയുടെ മനസ്സിളക്കിയത് കലീം.

 

ന്യൂദല്‍ഹി: ഹൈദരാബാദ് സ്‌ഫോടനക്കേസില്‍ പിടിക്കപ്പെട്ട നിരപരാധിയായ മുസ്‌ലിം യുവാവുമൊത്തുള്ള സ്വാമി അസിമാനന്ദയുടെ ഹൈദരാബാദ് ജയിലിലെ വാസമാണ് ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പറുത്താകുന്നതിന് നയിച്ചത്. തന്റെ മനസിളക്കിയ മുസ്‌ലിം യുവാവാണ് സത്യം തുറന്ന് പറഞ്ഞ് പ്രായശ്ചിത്തം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സ്വാമി അസിമാനന്ദ ദല്‍ഹി തീസ് ഹസാരി കോടതി മജിസ്‌ട്രേറ്റിനോട് തുറന്നു പറയുകയും ചെയ്തു.
ഒരു പക്ഷേ മരണശിക്ഷ തന്നെ തനിക്ക് വിധിച്ചേക്കാമെന്നും എന്നാലും മജിസ്‌ട്രേറ്റിന് മുമ്പാകെ താന്‍ കുറ്റസമ്മതം നടത്തുകയാണെന്നും പറഞ്ഞാണ് അസിമാനന്ദ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
മൊഴി നല്‍കി തുടങ്ങുന്ന സമയത്ത് മജിസ്‌ട്രേറ്റും സ്‌റ്റെനോഗ്രാഫറും മാത്രമാണ് അസിമാനന്ദയുടെ അടുത്തുണ്ടായിരുന്നത്. തുടര്‍ന്ന് അസിമാനന്ദ ഇങ്ങിനെ മൊഴി നല്‍കിത്തുടങ്ങി.
''സര്‍, ഹൈദരാബാദിലെ ചഞ്ചല്‍ ഗുഡ ജയിലില്‍ എന്നെ താമസിപ്പിച്ചപ്പോള്‍ എന്റെ സഹതടവുകാരിലൊരാള്‍ കലീം എന്ന മുസ്‌ലിം യുവാവായിരുന്നു. കലീമുമായുള്ള തന്റെ സഹവാസത്തിനിടെ അജ്മീര്‍ സ്‌ഫോടനക്കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും മനസിലായി. എന്റെ ജയില്‍വാസ സമയത്ത് കലീം എന്നെ ഒരു പാട് സഹായിക്കുകയും എപ്പോഴും വെള്ളവും ഭക്ഷണവും മറ്റും കൊണ്ട് വരികയും ചെയ്തു. കലീമിന്റെ സല്‍സ്വഭാവം തന്റെ മനസിനെ ഇളക്കി. യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുകയും നിരപരാധികള്‍ വിട്ടയക്കപ്പെടുകയും ചെയ്യുന്ന തരത്തില്‍ കുറ്റസമ്മതം നടത്തി ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് അന്ന് തന്റെ മനസ് തന്നോട് ആവശ്യപ്പെട്ടു''.
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ ഒരു ഇടപെടലും കൂടാതെ ഈ പ്രധാന മൊഴി രേഖപ്പെടുത്താന്‍ ആഗ്രഹിച്ച മജിസ്‌ത്രേട്ട് സ്‌റ്റെനോഗ്രാഫറോട് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അസിമാനന്ദ നല്‍കിയ 42 പേജു കവിഞ്ഞ മൊഴിയാണ് ഒളിപ്പിച്ചുവെച്ച സത്യങ്ങളെല്ലാം വെളിച്ചത്തുകൊണ്ടുവന്നത്.'ബോംബിന് ബോംബ് കൊണ്ട് തന്നെ ഉത്തരം നല്‍കണമെന്ന്' എല്ലവരോടും പറയാറുണ്ടായിരുന്ന അസിമാനന്ദയെ തന്റെ പെരുമാറ്റത്തിലൂടെ മാറ്റിയ കലീം ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് നിശബ്ദമായ നിമിത്തമായി മാറുകയായിരുന്നു.

 http://www.tehelka.com/story_main48.asp?filename=Ne150111Coverstory.asp

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More