Your Title

2011, ജനുവരി 5, ബുധനാഴ്‌ച

'ഹേമന്ദ് കര്‍ക്കറെയ്ക്ക് വധഭീഷണിയുണ്ടായിരുന്നു'- മാലേഗാവ് സ്‌ഫോടനത്തിന്റെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചവര്‍

വീക്ഷണം-
ബി.എസ്.ഷിജു
ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനത്തിന്റെ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചവരുടെ ഭീഷണി കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെയ്ക്ക് ഉണ്ടായിരുന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. 
ഇക്കാര്യം കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് കര്‍ക്കറെ തന്നോട് ഫോണ്‍ ചെയ്തു പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ''മുംബൈ ഭീകരാക്രമണം നടക്കുന്ന 2008 നവംബര്‍ 26-ന് രാത്രി ഏകദേശം ഏഴു മണിക്കായിരുന്നു കര്‍ക്കറെ മൊബൈലില്‍ വിളിച്ചത്. തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ടെന്നും  മാലേഗാവ് സ്‌ഫോടന കേസ് അന്വേഷത്തെ എതിര്‍ത്തവരാണ് ഭീഷണിക്കു പിന്നിലെന്നും പറഞ്ഞു. മാലേഗാവ് കേസ് അന്വേഷണമാണ് അവരെ പ്രകോപിപ്പിച്ചത്. ഹിന്ദു സംഘടനകള്‍ അവരുടെ ദിനപത്രങ്ങളില്‍ അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ കര്‍ക്കറെ ദു:ഖിതനായിരന്നു. മകന് ദുബായില്‍ വന്‍തോതില്‍ പണം ചെലവഴിച്ച് സുഖജീവിതം നയിക്കുകയാണെന്ന് പോലും പത്രങ്ങള്‍ എഴുതി. യഥാര്‍ത്ഥത്തില്‍ മുംബൈയിലെ ഒരു സ്‌കൂളുകള്‍ വിദ്യാര്‍ത്ഥി മാത്രമാണ് മകനെന്ന് കര്‍ക്കറെ പറഞ്ഞു.

 ഈ സംഭാഷണം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് കര്‍ക്കറെ കൊല്ലപ്പെട്ട വിവരം ഞാന്‍ അറിയുന്നത്. ദൈവമേ അവര്‍ അദ്ദേഹത്തെ കൊന്നല്ലോയെന്നായിരുന്നു മരണ വാര്‍ത്ത കേട്ടപ്പഴുണ്ടായ എന്റെ പ്രതികരണം'.-ദിഗ് വിജയ് സിങ് മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞു. നേരത്തേ മറ്റൊരു കോണ്‍ഗ്രസ് നേതാവ് ആന്തുലയും കര്‍ക്കറെയുടെ കൊലപാതക്കത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അതേസമയം, ദിഗ് വിജയ് സിങിന്റ വെളിപ്പെടുത്തലിനെതിരേ ബി.ജെ.പി രംഗത്തെത്തി. പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മാധ്യമ ശ്രദ്ധ തിരിച്ചു വിടാനാണ് ദിഗ് വിജയ് സിങിന്റെ പ്രസ്താവന.

എന്നാല്‍ ദിഗ്‌വിജയ് സിങിന്റെ പ്രസ്ഥാവനയോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് എ.ഐ.സി.സി മാധ്യമ വിഭാഗം തലവന്‍ ജനാര്‍ദ്ധന്‍ ദ്വിവേദി പറഞ്ഞു. രണ്ടു വ്യക്തികള്‍ തമ്മിള്ള സംഭാഷണമാണ് ദിഗ്‌വിജയ് സിങ് വെളിപ്പെടുത്തിയത്. അതില്‍ ഒരാള്‍ അന്തരിച്ച ഹേമന്ത് കര്‍ക്കറെയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ കഴിയുക ദിഗ് വിജയ് സിങിന് മാത്രാമാണ്. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും ദ്വിവേദി കൂട്ടിച്ചേര്‍ത്തു.
രാവിലെ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്‍ക്കുന്നതായി വൈകുന്നേരവും ദിഗ് വിജയ് ആവര്‍ത്തിച്ചു.
 
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് പാക് ഭീകരുരുടെ അക്രമണത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, കര്‍ക്കറെയെ ബി.ജെ.പി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നത് വാസ്തവമാണ്. അന്നു ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് പലതവണ കര്‍ക്കറെയുടെ ഉദ്യേശ ശുദ്ധിയെ പരസ്യമായി ചോദ്യം ചെയ്തിട്ടുണ്ടെന്നും ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More