ബോംബിന് മറുപടി ബോംബ് തന്നെ
രക്തചൊരിച്ചിലുകള്‍ തീര്‍ത്ത് രാജ്യത്തെതന്നെ പിളര്‍ത്താനായിരുന്നു
കാവിഭീകരതയുടെ രഹസ്യയുദ്ധമെന്നാണ് ആര്‍.എസ്.എസ്
നേതാവ് അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയിലൂടെ
വെളിപ്പെടുന്നത്. അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തുന്നതില്‍ നിന്ന്
ഹിന്ദുക്കളെ തടയാനായിരുന്നു അവിടെ സ്‌ഫോടനം നടത്തിയതെന്ന്
അസിമാനന്ദ പറയുന്നു. മാലേഗാവും ഹൈദരാബാദും അലീഗഢ്
യൂനിവേഴ്‌സിറ്റിയും ഉന്നംവെച്ച സ്‌ഫോടനങ്ങള്‍ക്ക് ആര്‍.എസ്.എസ്
സംഘം പ്രവര്‍ത്തിച്ചുവെന്നും അസിമാനന്ദ മജിസ്‌ട്രേറ്റിന് മുമ്പാകെ
സമ്മതിച്ചു. ഓരോ ജനാധിപത്യ വിശ്വാസിയും ഞെട്ടലോടെ
വായിക്കേണ്ട ആ കുറ്റ സമ്മതമൊഴിയുടെ പൂര്‍ണരൂപം ഇങ്ങനെ...1988ല്‍ ഗുരുജിയുടെ നിര്‍ദേശപ്രകാരം ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകളില്‍ വനവാസി കല്യാണ്‍ ആശ്രമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പോയി. 1993ല്‍ ഛത്തിസ്ഗഢിലെ ജസ്‌പൂര്‍ നഗറിലെത്തി. വനവാസി കല്യാണ്‍ ആശ്രമത്തിന്റെ ആസ്ഥാനം അവിടെയായിരുന്നു. അന്ന് ഛത്തിസ്ഗഢ് മധ്യപ്രദേശിന്റെ ഭാഗമാണ്. അങ്ങനെ രാജ്യവ്യാപകമായി ആദിവാസികള്‍ക്കിടയില്‍ ധര്‍മജാഗരണ പ്രവര്‍ത്തനത്തിന്റെ ചുമതല എന്റെ മേല്‍ വന്നുചേര്‍ന്നു. തദാവശ്യാര്‍ഥം 1995ല്‍ ഗുജറാത്തിലെ ഡാങ് ജില്ലയിലുമെത്തി. 1997ല്‍ വീണ്ടും ഡാങ്ങില്‍ സ്ഥിരതാമസക്കാരനാകാന്‍ വേണ്ടി വന്നു. അവിടെ വഗായ് എന്ന സ്ഥലത്ത് വനവാസി കല്യാണ്‍ ആശ്രമിന്റെ ഹോസ്റ്റലില്‍ താമസം തുടങ്ങി. അവിടെ ധര്‍മപ്രചാരണപ്രവര്‍ത്തനങ്ങളുമായി ഡാങ്ജില്ലയിലെ എല്ലാ ആദിവാസി ഊരുകളിലും ഞാന്‍ ചുറ്റിക്കറങ്ങി. അവിടെ എനിക്ക് കുറച്ച് ആദിവാസികളെ കിട്ടി. സുബീര്‍ എന്ന സ്ഥലത്തെ ആദിവാസികള്‍ എന്നോട് ഒരു കാര്യം പറഞ്ഞു. അവിടെയായിരുന്നുവത്രെ ശബരി താമസിച്ചിരുന്നത്. അവര്‍ ശ്രീരാമന്റെ പ്രായംചെന്ന വീരാരാധകയായിരുന്നു. അവര്‍ അവിടെ എനിക്ക് മൂന്ന് കല്ലുകള്‍ കാണിച്ചുതന്നു. ശ്രീരാമനും സഹോദരന്‍ ലക്ഷ്മണും ശബരിയും ഇരുന്ന കല്ലുകള്‍. അതു കണ്ടപ്പോള്‍ അവിടെ ക്ഷേത്രം പണിതാലോ എന്നുതോന്നി. ഞാന്‍ സൂറത്തിലെയും നൗസരിയിലെയും ആളുകളെ സമീപിച്ച് ക്ഷേത്രനിര്‍മാണത്തിനായി ശബരിമാതാ സേവാസമിതി എന്ന പേരില്‍ ഒരു ട്രസ്റ്റിന് രൂപം നല്‍കി. ജയന്തിഭായ് കേവട് ആയിരുന്നു അതിന്റെ അധ്യക്ഷന്‍. അദ്ദേഹം നൗസരിക്കാരനാണ്. ക്ഷേത്രനിര്‍മാണത്തിനുള്ള ധനശേഖരണാര്‍ഥം ഞങ്ങള്‍ 2002 ഒക്‌ടോബറില്‍ മുരാരി ബാപുവിന്റെ രാമകഥാ പരിപാടി സംഘടിപ്പിച്ചു. ആ പരിപാടിയില്‍വെച്ച് ഡാങ് ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും ആദിവാസികള്‍ വലിയൊരു സംഖ്യ പിരിച്ചെടുത്തു. ഒമ്പതു നാള്‍ നീണ്ട ഈ പരിപാടിക്കുശേഷം ശബരികുംഭ് എന്ന പേരില്‍ ഇതിലും വലിയൊരു പരിപാടി സംഘടിപ്പിക്കാമെന്ന് മുരാരി ബാപു അഭിപ്രായപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസ് ഏറ്റെടുക്കുകയും ശബരികുംഭ് ആയോജന്‍ സമിതി എന്ന പേരില്‍ ഒരു കമ്മിറ്റിയുണ്ടാക്കുകയും ചെയ്തു. 2006 ഫെബ്രുവരി 11-13 തീയതികളിലായി ശബരികുംഭ് പരിപാടി നടന്നു. പമ്പാ സരോവറില്‍ ശബരിധാമില്‍നിന്ന് ആറു കിലോമീറ്റര്‍ ദൂരെയായിരുന്നു ശബരികുംഭിന് സ്ഥലം കണ്ടത്.
2003 ജനുവരിയില്‍ ജയന്തിഭായ് കേവട് എന്നെ ഫോണില്‍ വിളിച്ച് പ്രജ്ഞാസിങ് ഠാക്കൂര്‍ എന്നു പേരായ എ.ബി.വി.പിയുടെ നേതാവ് എന്നെ കാണാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. ഏതാണ്ട് ഒരു മാസം കഴിഞ്ഞ് ജയന്തിഭായ് കേവടിന്റെ നൗസരിയിലെ വീട്ടില്‍ പോയി. ഞാന്‍ അവിടെ എത്തുന്നതറിഞ്ഞ് പ്രജ്ഞസിങ്ങും വന്നിരുന്നു. അവിടെവെച്ചാണ് ഞാന്‍ പ്രജ്ഞാസിങ്ങിനെ കാണുന്നത്. ഒരു മാസം കഴിഞ്ഞ് എന്നെ കാണാനായി വഗായിയിലെ വനവാസി കല്യാണ്‍ ആശ്രമത്തിലെത്താമെന്ന് പ്രജ്ഞാസിങ് പറഞ്ഞു. ഒരു മാസത്തിനുശേഷം അവര്‍ വന്നു. കൂടെ മൂന്ന് ചെറുപ്പക്കാരുമുണ്ടായിരുന്നു. അവര്‍ മൂന്നാളുകളുടെയും പേര് പറഞ്ഞു. ഒരാള്‍ മനോജ്- എന്നാല്‍ പിന്നീട്, അയാളുടെ പേര് സുനില്‍ജോഷി ആണെന്ന് മനസ്സിലായി. മനോജ് ഇന്‍ഡോറില്‍നിന്നു വരുകയാണെന്നും പറഞ്ഞു. മധ്യപ്രദേശിലെ ചില കേസുകളില്‍ പൊലീസ് തേടുന്നയാളാണ് അതെന്ന് പിന്നീട് മനസ്സിലായി. ഇക്കാര്യം കുറേ കഴിഞ്ഞ് പ്രജ്ഞാസിങ്ങും സമ്മതിച്ചു. പിന്നീട് ഇവരെയും കൊണ്ട് പ്രജ്ഞാസിങ് വഗായ് വിട്ടു. ഞാന്‍ ശബരിധാമിലേക്കും പോന്നു. ഒരു മാസം കഴിഞ്ഞ് ശബരിധാമില്‍ വരാമെന്ന് പ്രജ്ഞ പറഞ്ഞിരുന്നു. മാസം ഒന്നുകഴിഞ്ഞ് പ്രജ്ഞാസിങ്ങും മനോജ് എന്ന സുനില്‍ജോഷിയും ശബരിധാമിലെത്തി. അവരോടൊപ്പം എനിക്കു പരിചയമില്ലാത്ത ഒരു യുവാവും യുവതിയും ഉണ്ടായിരുന്നു. ഒന്നുരണ്ടു നാള്‍ അവര്‍ അവിടെ തങ്ങി. 2004 ഏപ്രില്‍-മേയ് മാസങ്ങളില്‍ ഞാന്‍ ഉജ്ജയിനിലെ കുംഭമേളക്കുപോയി. അവിടെ ജയ്‌വന്ദേമാതരം എന്ന പേരില്‍ പ്രജ്ഞാസിങ് ഒരു സംഘടനയെ പരിചയപ്പെടുത്തി. പ്രജ്ഞാസിങ് ആയിരുന്നു അതിന്റെ അധ്യക്ഷ. ഞാനും മനോജ് എന്ന സുനില്‍ജോഷിയും ആര്‍.എസ്.എസ് കാര്യാലയത്തില്‍ തങ്ങി. ഈ പരിപാടിക്ക് ഗുജറാത്തിലെ വല്‍സാഡില്‍നിന്ന് ഭരത്ഭായ് എന്നൊരാളും വന്നിരുന്നു. അവിടെവെച്ചാണ് ഞാന്‍ ഭരത്ഭായിയെ കാണുന്നത്. 1998 ല്‍തന്നെ അദ്ദേഹത്തെ എനിക്കറിയാമായിരുന്നു.
2002ല്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്കുനേരെ മുസ്‌ലിംകള്‍ വഴിയുള്ള ബോംബാക്രമണം ഉണ്ടായിക്കൊണ്ടിരുന്നു. ഇതെന്നെ ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഞാന്‍ ഈ വിഷയം വല്‍സാഡുകാരനായ ഭരത്ഭായിയുമായി ചര്‍ച്ച ചെയ്തുവന്നു. അദ്ദേഹവും അക്കാര്യം ഗൗരവതരമായി ആലോചിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഈ വിഷയത്തില്‍ വല്ലതും ചെയ്യണമെന്ന് അദ്ദേഹത്തിനുമുണ്ടായിരുന്നു. പ്രജ്ഞാസിങ്ങും സുനില്‍ജോഷിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതില്‍നിന്ന് അവരും എന്റെ അതേ ചിന്താഗതിയിലാണെന്ന് മനസ്സിലായി.
2006ല്‍ കാശി സങ്കട്‌മോചന്‍ ക്ഷേത്രത്തില്‍ സ്‌ഫോടനമുണ്ടായി. ആ മാര്‍ച്ചില്‍ പ്രജ്ഞാസിങ്ങ്, മനോജ് എന്ന സുനില്‍ജോഷി, ഭരത്ഭായ് എന്നിവര്‍ ശബരിധാമില്‍ വന്നു. സങ്കട്‌മോചന്‍ ക്ഷേത്രത്തിലെ സ്‌ഫോടനത്തില്‍ തങ്ങള്‍ വിഷമത്തിലായിരുന്നു. ഇതിനു പ്രതികാരം ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. സുനില്‍ ജോഷിയും ഭരത്ഭായിയും ഝാര്‍ഖണ്ഡില്‍ പോയി കുറച്ച് സിം കാര്‍ഡുകളും പിസ്റ്റള്‍ മുതലായ ആയുധങ്ങളും വാങ്ങിവരാന്‍ ധാരണയായി. ഗോരഖ്പൂരിലും ആഗ്രയിലും പോകാനും ഞാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കി. ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥിനെയും ആഗ്രയില്‍ രാജേശ്വര്‍സിങ്ങിനെയും കണ്ട് വിഷയം സംസാരിക്കാനും ആവശ്യപ്പെട്ടു. അവര്‍ക്ക് സാധനസാമഗ്രികള്‍ വാങ്ങാനായി ഞാന്‍ 25,000 രൂപയും നല്‍കി. സുനില്‍ജോഷിയുടെ കൈയിലാണ് പണം നല്‍കിയത്. 2006 ഏപ്രിലില്‍ അവര്‍ യാത്ര പുറപ്പെട്ടു.
മേയില്‍ സുനില്‍ജോഷി ഞങ്ങളെ കാണാന്‍ ശബരിധാമില്‍ വന്നു. ഞങ്ങളുടെ കൂടെ മൂന്നു നാലുപേര്‍ വേറെയുമുണ്ടെന്നും എല്ലാവരും ഒന്നിച്ച് യോഗം ചേരുമെന്നും സുനില്‍ജോഷി പറഞ്ഞു. പിന്നീട് 2006 ജൂണില്‍ വല്‍സാഡിലെ ഭരത്ഭായിയുടെ വീട്ടില്‍ ഞങ്ങള്‍ യോഗം ചേര്‍ന്നു. ആ യോഗത്തില്‍ ഞാന്‍, ഭരത്ഭായ്, പ്രജ്ഞാസിങ്, സുനില്‍ജോഷി എന്നിവരും അവരുടെ കൂടെ നാലു യുവാക്കള്‍ വേറെയും ഉണ്ടായിരുന്നു. അന്ന് എനിക്ക് അവരുടെ പേരോ മറ്റോ അറിയുമായിരുന്നില്ല. അതിലൊരാളെ ഞാന്‍ പിന്നീട് മറ്റൊരു സ്ഥലത്തുവെച്ച് കണ്ടപ്പോള്‍ പേര് സന്ദീപ് ഡാംഗെ ആണെന്ന് മനസ്സിലായി. ബാക്കി മൂന്നാളുകളുടെ പേരും പിന്നീട് അറിഞ്ഞു. അവരുടെ ഫോട്ടോ സി.ബി.ഐക്കാര്‍ എന്നെ കാണിച്ചത് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ ഒരാള്‍ രാംജി. രണ്ടാമന്‍ ലോകേശ് ശര്‍മയും മൂന്നാമന്‍ അമിതും ആണ്.
ഭരത്ഭായിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ഞാന്‍ എല്ലാവരോടുമായി പറഞ്ഞു: 'ബോംബിനു മറുപടി ബോംബുകൊണ്ടുതന്നെ നല്‍കണം. നാം ഹിന്ദുക്കള്‍ മൗനം പൂണ്ടിരിക്കുന്നത് ശരിയല്ല'. ഇതിനു മറുപടിയായി സന്ദീപ് ഡാംഗേ പറഞ്ഞു: 'ഹിന്ദുക്കള്‍ മിണ്ടാതിരിക്കുകയാണെങ്കില്‍ നിങ്ങളും മിണ്ടാതിരുന്നു കൊള്ളൂ. വല്ലതും ചെയ്യണമെന്നുള്ളവര്‍ ചെയ്തിരിക്കും'. സന്ദീപ് ഡാംഗേ ഇങ്ങനെ പ്രതികരിക്കാന്‍ കാരണം യോഗത്തില്‍ അയാളും പ്രജ്ഞാസിങ്ങും എന്നോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാന്‍ അത് കൊടുക്കാതിരുന്നതാണ്. ഭരത്ഭായ് എന്നോട് യോജിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. അതുകേട്ട സന്ദീപ് പ്രതികരിച്ചു: 'നിങ്ങള്‍ ആകാശത്ത് പറന്ന് നടക്കുന്നവരാണ്. യഥാര്‍ഥ കഥ നിങ്ങള്‍ക്കറിയില്ല. നിങ്ങളുടെ കാലുകള്‍ ഭൂമിയിലല്ല'. സന്ദീപ് കുറച്ച് തീവ്രനാണെന്നും എന്നാല്‍, നല്ല പയ്യനാണെന്നും സുനില്‍ജോഷി ഞങ്ങളെ ധരിപ്പിച്ചു. ഈ ആളുകള്‍ നേരത്തേ തന്നെ ഈ വിഷയം ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും എന്തൊക്കെയോ അവര്‍ ചെയ്യുന്നുണ്ടെന്നും എനിക്ക് മനസ്സിലായി.
l
യോഗം കഴിഞ്ഞ് ഞങ്ങള്‍ ഭക്ഷണം കഴിച്ചു. അതിനുശേഷം ഞാന്‍ സുനില്‍, ഭരത്ഭായ്, പ്രജ്ഞാസിങ് എന്നിവരുമായി ഒരിടത്ത് മാറിയിരുന്നു. മറ്റു നാലുപേരും വേറെ കൂട്ടം കൂടി. ഞങ്ങള്‍ നാലുപേര്‍ കൂടിയിരുന്നിടത്ത് ഞാന്‍ വിഷയം അവതരിപ്പിച്ചു. മഹാരാഷ്ട്രയിലെ മാലേഗാവില്‍ 80 ശതമാനം മുസ്‌ലിംകളാണ്. അതിനാല്‍ നമുക്ക് അടുത്തുനിന്നു തന്നെ ജോലി തുടങ്ങാം. ആദ്യബോംബ് അവിടെ തന്നെ വെക്കാം. സ്വാതന്ത്ര്യം നേടുന്ന കാലത്ത് ഹൈദരാബാദ് പാകിസ്താന്റെ കൂടെ പോകാനാണ് തീരുമാനിച്ചത്. അതുകൊണ്ട് ഹൈദരാബാദിനെയും പാഠം പഠിപ്പിക്കണം. അജ്മീര്‍ ദര്‍ഗയില്‍ നല്ലൊരു വിഭാഗം ഹിന്ദുക്കള്‍ സന്ദര്‍ശകരായുണ്ട്. ദര്‍ഗയില്‍ ബോംബ്‌വെച്ചാല്‍ പിന്നെ ഹിന്ദുക്കള്‍ പേടിച്ച് അതു വഴി പോകില്ല. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ ധാരാളം മുസ്‌ലിം ചെറുപ്പക്കാരുണ്ട്. അവിടെയും ബോംബ് പൊട്ടിക്കാം -ഞാന്‍ പറഞ്ഞു. എന്റെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചു. ഈ നാലിടത്തും ബോംബ് സ്‌ഫോടനത്തിന് പരിപാടിയിട്ടു. നാലിടത്തും സ്ഥലനിര്‍ണയത്തിന് സുനില്‍ജോഷിയെ ചുമതലപ്പെടുത്തി.
സുനില്‍ജോഷിയുടെ വക ഒരു നിര്‍ദേശവും കൂടിയുണ്ടായി. ഇന്ത്യ-പാകിസ്താന്‍ ട്രെയിനായ സംഝോത എക്‌സ്‌പ്രസില്‍ പാകിസ്താന്‍കാര്‍ മാത്രമേ കാണൂ. അതില്‍ ബോംബ് വെക്കുന്ന ജോലി സുനില്‍ജോഷി സ്വയം ഏറ്റെടുത്തു. ഝാര്‍ഖണ്ഡില്‍ നിന്ന് പിസ്റ്റളും സിംകാര്‍ഡും ലഭിച്ചതായി സുനില്‍ജോഷി അറിയിച്ചു. യോഗി ആദിത്യനാഥും രാജേശ്വര്‍സിങ്ങും ഒട്ടും സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സംഝോതാ എക്‌സ്‌പ്രസിലെ സ്‌ഫോടനത്തിന് സിം കാര്‍ഡ് സഹായകമാകില്ലെന്നും അതിന് ആവശ്യമായ കെമിക്കല്‍സ് സന്ദീപ് പാണ്ഡേ സംഘടിപ്പിക്കുമെന്നും സുനില്‍ അറിയിച്ചു.
ബോംബ് സ്‌ഫോടനം നടത്താന്‍ മൂന്ന് ഗ്രൂപ്പ് വേണം. ഒരു ഗ്രൂപ്പ് സാമ്പത്തികസഹായവും മറ്റു സൗകര്യങ്ങളും സംഘടിപ്പിക്കും. ഒരു ഗ്രൂപ്പ് ബോംബിനുവേണ്ട സാധനസാമഗ്രികള്‍ കൊണ്ടുവരും. മൂന്നാം ഗ്രൂപ്പിനാണ് ബോംബ് വെക്കുന്ന ചുമതല. ഈ മൂന്നു ഗ്രൂപ്പും തമ്മില്‍ അറിയാതിരിക്കുകയാണ് നല്ലത് -സുനില്‍ പറഞ്ഞു. മൂന്നു ഗ്രൂപ്പുകളെയും ഏകോപിപ്പിക്കുന്ന ജോലി സുനിലിനായിരിക്കും. ഇത്രയും തീരുമാനിച്ച് ഞങ്ങളുടെ യോഗം പിരിഞ്ഞു. സാമ്പത്തികവിഭവ സമാഹരണവും സ്ഥലനിര്‍ണയവുമായിരുന്നു എന്റെ ചുമതല. ബോംബ് ഉണ്ടാക്കാനും കൊണ്ടുവെക്കാനും സന്ദീപ്. ഒരു ഗ്രൂപ്പും മറ്റൊരു ഗ്രൂപ്പിനെ അറിയരുതെന്നും തമ്മില്‍ തമ്മില്‍ അന്വേഷിക്കരുതെന്നും സുനില്‍ ചട്ടംകെട്ടി. ഒരാളെ പിടിച്ചാല്‍ മറ്റുള്ളവരും കുടുങ്ങാന്‍ അതിടയാക്കും.
പിന്നീട് എല്ലാവരും തങ്ങളുടെ വഴിക്കുപോയി. അതിനുശേഷം 2006 ദീപാവലി കാലത്ത് സുനില്‍ എന്നെ കാണാന്‍ ശബരി ആശ്രമത്തില്‍ വന്നു. അപ്പോഴേക്കും മാലേഗാവ് സ്‌ഫോടനം നടന്നു കഴിഞ്ഞിരുന്നു. മാലേഗാവ് സ്‌ഫോടനം നമ്മുടെ ആളുകള്‍ ചെയ്തതാണെന്ന് സുനില്‍ എന്നോട് പറഞ്ഞു. എന്നാല്‍, പത്രങ്ങളില്‍ വന്നത്, കുറച്ച് മുസ്‌ലിംകളാണ് അത് ചെയ്തതെന്നും ഏതാനും മുസ്‌ലിംകളെ പിടികൂടി എന്നുമാണല്ലോ എന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. നമ്മുടെ കൂട്ടത്തില്‍ ആരാണത് ചെയ്തത് എന്നു ചോദിച്ചപ്പോള്‍ സുനില്‍ മറുപടി പറയാന്‍ വിസമ്മതിച്ചു. മാലേഗാവ് സ്‌ഫോടനത്തിനു പിന്നിലുണ്ടെന്ന് താന്‍ കളവ് പറയുകയാണെന്നു പറഞ്ഞപ്പോള്‍ സുനില്‍, താന്‍ തന്നെയാണ് അത് ചെയ്തതെന്ന് എന്നെ ബോധ്യപ്പെടുത്തി.
2007 ഫെബ്രുവരിയില്‍ സുനില്‍ ജോഷിയും ഭരത്ഭായിയും, ഭരതിന്റെ വീട്ടില്‍ നിന്ന് ഒരു മോട്ടോര്‍ബൈക്കില്‍ ബാല്‍പൂരിലെ ഒരു ശിവക്ഷേത്രത്തിലെത്തി. ഞാന്‍ നേരത്തേ അവിടെ എത്തിയിരുന്നു. ശിവരാത്രി നാളില്‍ അവിടെ ഒത്തുചേരാമെന്ന് ഞങ്ങള്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഒന്നു രണ്ടു നാള്‍ക്കകം നല്ല ചില വാര്‍ത്തകള്‍ പത്രത്തില്‍ വായിക്കാമെന്ന് സുനില്‍ എന്നോട് പറഞ്ഞു. എന്നിട്ട് അദ്ദേഹം വീട്ടില്‍ പോയി. ഞാന്‍ ശബരിധാമിലേക്കും പോന്നു. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ ഭരത്ഭായിയുടെ വീട്ടിലെത്തി. അവിടെ സുനിലും പ്രജ്ഞാസിങ്ങും ഉണ്ടായിരുന്നു. അപ്പോഴേക്കും സംഝോതാ എക്‌സ്‌പ്രസ് സ്‌ഫോടനത്തിന്റെ വാര്‍ത്ത വന്നു കഴിഞ്ഞിരുന്നു. സംഝോതാ സ്‌ഫോടനം നടന്നുകഴിഞ്ഞിട്ടും നിങ്ങള്‍ ഇവിടെയിരിക്കുകയാണോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ സുനില്‍പറഞ്ഞു: അത് ചെയ്തത് നമ്മുടെ ആളുകളാണ്. എന്നാല്‍, ഇത് പാകിസ്താനിലെ ഐ.എസ്.ഐയുടെ പണിയാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ സുനില്‍ ചോദിച്ചു: മുസ്‌ലിംകള്‍ എന്തിന് മുസ്‌ലിംകളെ കൊല്ലണം? പാകിസ്താനില്‍ എന്നും കണ്ടുവരുന്നതാണല്ലോ അത് -ഞാന്‍ പറഞ്ഞു. സുനില്‍ പിന്നീടൊന്നും പറഞ്ഞില്ല.
ഭരതിന്റെ വീട്ടില്‍വെച്ച് ഹൈദരാബാദ് സ്‌ഫോടനത്തിനു വേണ്ടി സുനില്‍ജോഷി ഞങ്ങളില്‍നിന്ന് 40,000 രൂപ വാങ്ങി. തുടര്‍ന്ന് ഒന്നു രണ്ട് മാസങ്ങള്‍ക്കുശേഷം സുനില്‍ജോഷി എന്നെ ഫോണില്‍ വിളിച്ച് വര്‍ത്തമാനപത്രങ്ങള്‍ നിരീക്ഷിക്കണമെന്നും ഒന്നു രണ്ടു നാളുകള്‍ക്കകം നല്ല വാര്‍ത്ത ലഭിക്കുമെന്നും പറഞ്ഞു. മൂന്നു നാലു നാളുകള്‍ക്കകം ഹൈദരാബാദിലെ മക്കാമസ്ജിദ് സ്‌ഫോടനത്തിന്റെ വാര്‍ത്ത പത്രത്തില്‍ വന്നു. തുടര്‍ന്ന് ഏഴോ എട്ടോ ദിവസം കഴിഞ്ഞ് സുനില്‍ ജോഷി ഒരു തെലുഗുപത്രവുമായി ശബരിധാമില്‍ വന്നു. അതില്‍ മക്കാമസ്ജിദ് സംഭവത്തിന്റെ പടങ്ങളുണ്ടായിരുന്നു. ഇതും നമ്മുടെ ആളുകള്‍ ചെയ്തതാണെന്ന് സുനില്‍ പറഞ്ഞു. ഏതാനും മുസ്‌ലിംകളെ പിടികൂടിയതായി വന്ന പത്രവാര്‍ത്ത ഞാന്‍ പരാമര്‍ശിച്ചു. അത് നമ്മുടെ ആളുകള്‍ തന്നെയാണ് ചെയ്തതെന്ന് സുനില്‍ പിന്നെയും പറഞ്ഞു. രണ്ടു മൂന്ന് നാളുകള്‍ അവിടെ തങ്ങിയ ശേഷം സുനില്‍ സ്ഥലം വിട്ടു.
പിന്നെയും രണ്ടുമൂന്നു നാളുകള്‍ക്കകം സുനിലിന്റെ ഫോണ്‍, അല്ല, ഭരത് ഭായിയുടെ ഫോണ്‍ വന്നു. സുനില്‍ താങ്കളെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്നും ഫോണ്‍ കിട്ടാത്തതിനാല്‍ രണ്ടു മൂന്നു നാളുകള്‍ക്കകം താങ്കളെ വന്നു കാണുമെന്നും അറിയിച്ചു. പറഞ്ഞപോലെ സുനില്‍ വന്നു. കൂടെ രാജ്, മെഹുല്‍ എന്നീ പേരുകളുള്ള രണ്ട് ചെറുപ്പക്കാരുമുണ്ടായിരുന്നു. രാജും മെഹുലും സുനിലിന്റെ കൂടെ മുമ്പും മൂന്നു നാലു തവണ ശബരിധാമില്‍ വന്നിട്ടുണ്ട്. അജ്മീറിലെ സ്‌ഫോടനം നമ്മുടെ ആള്‍ക്കാര്‍ ചെയ്തതാണെന്ന് സുനില്‍ പറഞ്ഞു. താനും അവിടെയുണ്ടായിരുന്നുവെന്നും. കൂടെ ആരാണുണ്ടായിരുന്നതെന്ന് ചോദിച്ചു. കൂടെ രണ്ട് മുസ്‌ലിം ചെറുപ്പക്കാരുമുണ്ടായിരുന്നുവെന്ന് സുനില്‍. മുസ്‌ലിംയുവാക്കളെ എങ്ങനെ കിട്ടി എന്നു ചോദിച്ചപ്പോള്‍ അവരെ ഇന്ദ്രേഷാണ് നല്‍കിയതെന്നായിരുന്നു മറുപടി. ഇന്ദ്രേഷ് താങ്കള്‍ക്ക് മുസ്‌ലിംയുവാക്കളെ തന്നുവെങ്കില്‍ താങ്കള്‍ പിടിയിലാകുമ്പോള്‍ ഇന്ദ്രേഷിന്റെ പേരു കൂടി വലിച്ചിഴക്കപ്പെടില്ലേ എന്നു ഞാന്‍ ചോദിച്ചു. ഇന്ദ്രേഷില്‍നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് ഞാന്‍ സുനിലിനോട് പറഞ്ഞു. മുസ്‌ലിംകളെ കൊണ്ട് ഇപ്പണി ചെയ്യിച്ചതിനാല്‍ അവരില്‍നിന്നും ജീവനു ഭീഷണി നേരിടാം എന്നും ഞാന്‍ സുനിലിനോട് പറഞ്ഞു.
എങ്ങോട്ടും പോകാതെ ശബരിധാമില്‍ തന്നെ തങ്ങാന്‍ ഞാന്‍ സുനിലിനോട് പറഞ്ഞു. മധ്യപ്രദേശിലെ ദേവാസില്‍ കുറച്ച് ജോലിയുണ്ടെന്നും അവിടെ പോയി ഉടനെത്തന്നെ തിരിച്ചുവരാമെന്നും സുനില്‍ ജോഷി എന്നോട് പറഞ്ഞു. രാജിനെയും മെഹുലിനെയും അവിടെ വിട്ടാണ് പോകുന്നതെന്നും. ബറോഡ ബെസ്റ്റ് ബേക്കറി കേസില്‍ രാജും മെഹുലും കേഡി ലിസ്റ്റിലുണ്ടെന്ന് സുനില്‍ പറഞ്ഞു. ഇതുകേട്ടപ്പോള്‍ സുനിലിനോട് ഞാന്‍ പറഞ്ഞു: ബെസ്റ്റ്‌ബേക്കറി ഗുജറാത്തിലാണ്, ശബരിധാമും അവിടെത്തന്നെ. അതിനാല്‍ അവരെ ഇവിടെ നിര്‍ത്തുന്നത് ശരിയല്ല. മറ്റെവിടേക്കെങ്കിലും മാറ്റണം. സുനില്‍ ജോഷി അവരെയും കൊണ്ട് മധ്യപ്രദേശിലെ ദേവാസിലേക്ക് തിരിച്ചു. അതിനു കുറച്ചു നാള്‍ കഴിഞ്ഞ് ഭരത്ഭായി ഫോണില്‍ വിളിച്ച് സുനില്‍ ജോഷി കൊല്ലപ്പെട്ടതായി അറിയിച്ചു. അന്നേ ദിവസം ഞാന്‍ കേണല്‍ പുരോഹിതിന് ഫോണ്‍ ചെയ്ത്, അജ്മീര്‍ സ്‌ഫോടനത്തില്‍ പങ്കാളിയായ സുനില്‍ ജോഷി എന്ന നമ്മുടെ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് വധത്തിനു പിന്നില്‍ ആരാണെന്ന് ആരായണമെന്നും നിര്‍ദേശിച്ചു. മുമ്പൊരു കൊലപാതകം നടത്തിയതിന് പ്രതികാരമായി സുനില്‍ വധിക്കപ്പെട്ടതായിരിക്കാമെന്ന് കുറേ കഴിഞ്ഞ് കേണല്‍ പുരോഹിത് എന്നോട് പറഞ്ഞു.
2005ല്‍ ഇന്ദ്രേഷ്ജി ശബരിധാമില്‍ ആര്‍.എസ്.എസിന്റെ ഒരു പരിപാടിയില്‍ വെച്ച് ഞങ്ങളെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ കൂടെ ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം ഉണ്ടായിരുന്നു. ആര്‍.എസ്.എസിന്റെ സൂറത്ത് ബൈഠകിനു ശേഷം എല്ലാവരും ശബരിധാമില്‍ ദര്‍ശനത്തിനെത്തി. അതുകഴിഞ്ഞ് ശബരികുംഭ് പരിപാടി നടക്കാറുള്ള പമ്പാ സരോവറിലെ ഒരു ടെന്റില്‍ വെച്ച് ഇന്ദ്രേഷ്ജി ഞങ്ങളെ കണ്ടു. ആ സമയത്ത് സുനില്‍ജോഷിയും അവിടെ ഉണ്ടായിരുന്നു. ഇന്ദ്രേഷ്ജി അവിടെവെച്ച് എന്നോട് പറഞ്ഞു: ബോംബിന് മറുപടി ബോംബ് എന്നത് നിങ്ങളുടെ ജോലിയല്ല. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ആര്‍.എസ്.എസ് നിങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. നിങ്ങള്‍ അതു മാത്രം ചെയ്താല്‍ മതി. നിങ്ങള്‍ തലപുകച്ചു കൊണ്ടിരിക്കുന്ന കാര്യം ഞങ്ങളുടെ ചിന്തയിലുമുള്ളതാണ്. സുനിലിനെ അതിന് ഉത്തരവാദപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സുനിലിന് വല്ല സഹായവും ആവശ്യമുണ്ടെങ്കില്‍ അത് ഞങ്ങള്‍ ചെയ്തുകൊള്ളും.
സുനില്‍ ജോഷി ഭരത്ഭായിയുടെ കൂടെ നാഗ്പൂരില്‍ ഇന്ദ്രേഷിനെ കാണുകയും അവിടെവെച്ച് സുനിലിന് 50,000 രൂപ നല്‍കുകയും ചെയ്തിരുന്നു എന്ന് പിന്നീട് ഞാനറിഞ്ഞു. ഇന്ദ്രേഷ്ജി ഐ.എസ്.ഐ ഏജന്റാണെന്നും അതിന്റെ എല്ലാ തെളിവുകളും എന്റെ പക്കലുണ്ടെന്നും കേണല്‍ പുരോഹിത് എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ആ രേഖകള്‍ പുരോഹിത് എന്നെ കാണിച്ചിട്ടില്ല.
2008 ഏപ്രിലില്‍ ഭോപാലില്‍ അഭിനവ്ഭാരതിന്റെ ഒരു വലിയ യോഗം നടന്നു. ആ യോഗത്തില്‍ പ്രജ്ഞാസിങ്, ഭരത്ഭായ്, കേണല്‍ പുരോഹിത്, ദയാനന്ദ് പാണ്ഡേ, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍കര്‍ണി, ഹിമാനി സവര്‍ക്കര്‍, തപന്‍ ഘോഷ്, ഡോ. ആര്‍.പി. സിങ്, രാജേശ്വര്‍സിങ് തുടങ്ങിയവര്‍ അവിടെ സന്നിഹിതരായിരുന്നു. ആ യോഗത്തില്‍ ബോംബിനു മറുപടി ബോംബ് എന്ന എന്റെ വാദം ഞാന്‍ ചര്‍ച്ചക്കുവെച്ചു. അവിടെവെച്ച് അഭിനവ്ഭാരതിന്റെ ഒരു ബോഡി രൂപവത്കരിക്കുകയും പ്രസിഡന്റ് തുടങ്ങിയവരെ തെരഞ്ഞെടുക്കുകയും ചെയ്തു. 2007 ജനുവരിയിലും അഭിനവ്ഭാരതിന്റെ ഒരു യോഗത്തില്‍വെച്ച് ഞാന്‍ കേണല്‍ പുരോഹിതിനെ കണ്ടിരുന്നു. പുണെയിലും പുരോഹിതിനൊപ്പം ഒരു പരിപാടിയില്‍ സംബന്ധിച്ചിട്ടുണ്ട്.
2008 ഒക്‌ടോബറില്‍ ശബരിധാമിലായിരിക്കെ, സന്ദീപ് ഡാംഗേയുടെ ഫോണ്‍സന്ദേശം ലഭിച്ചു. താന്‍ വ്യാരയിലാണ് ഇപ്പോഴുള്ളതെന്നും ശബരിധാമില്‍ വന്ന് നാലുനാള്‍ തങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു. ഇപ്പോള്‍ നദിയാഡില്‍ പോകാനിറങ്ങുകയാണെന്നും ഞാനില്ലാതെ അവിടെ തങ്ങുന്നത് ഉചിതമല്ലെന്നും മറുപടി കൊടുത്തു. എങ്കില്‍ നദിയാഡിലേക്കു പോകുംവഴി ബറോഡ വരെ ഞങ്ങളെയും കൂട്ടണമെന്നായി സന്ദീപ്. ഞാന്‍ എന്റെ സാന്‍ട്രോ കാറില്‍ ശബരിധാമില്‍ നിന്ന് വ്യാര ബസ്‌സ്റ്റാന്‍ഡില്‍ വന്നു. സന്ദീപിന്റെ കൂടെ ഒരാള്‍ കൂടി ഉണ്ടായിരുന്നു. അവര്‍ രണ്ടു പേരും ധിറുതിയില്‍ വന്ന് കാറില്‍ കയറിയിരുന്നു. അവരുടെ കൈയില്‍ രണ്ടുമൂന്നു സഞ്ചികളുമുണ്ടായിരുന്നു. എവിടെ നിന്നാണ് അവര്‍ വരുന്നതെന്ന് അന്വേഷിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് എന്നു മറുപടി പറഞ്ഞു. എന്നാല്‍, അത് ശരിയായിരുന്നില്ല. ഞാന്‍ അവരെ ബറോഡ റോഡില്‍ രാജ്പിപ്‌ല ജങ്ഷനില്‍ എത്തിച്ചു. ഇരുവരും അവിടെയിറങ്ങി. പിന്നീട് എനിക്ക് മനസ്സിലായി, മാലേഗാവ് ബോംബ് സ്‌ഫോടനത്തിന്റെ അടുത്ത ദിനമാണ് അവരെ കണ്ടതെന്ന്. സന്ദീപിന്റെ കൂടെ കണ്ട ആളുടെ പേര് രാംജി ആണെന്നും വ്യക്തമായി.
ഓരോ ബോംബ് സ്‌ഫോടനവും നടക്കുന്നതിനു മുമ്പോ, നടന്ന് ഒന്നോ രണ്ടോ നാള്‍ കഴിഞ്ഞോ സുനില്‍ എന്നെ വിളിച്ച് പറയും, അത് നമ്മുടെ ആളുകള്‍ ചെയ്തതാണെന്ന്. എന്നാല്‍ 2008ലെ മാലേഗാവ് സ്‌ഫോടനസമയത്ത് സുനില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട്, അതും ഞങ്ങളുടെ ആള്‍ക്കാര്‍ ചെയ്തതാണെന്ന് മനസ്സിലായി.
സുനില്‍ ജീവിച്ച കാലത്തോളം എല്ലാ ബോംബ് സ്‌ഫോടനങ്ങളും ഞങ്ങളൊരുമിച്ചാണ് നടത്തിയത്. എന്നാല്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നു, ഞങ്ങള്‍ ആ ചെയ്തത് തെറ്റായിരുന്നുവെന്ന്. എനിക്ക് വളരെയേറെ മനഃസംഘര്‍ഷം അനുഭവിക്കേണ്ടി വന്നു. അതുകൊണ്ടാണ് ഞാന്‍ ഇത് (കുറ്റസമ്മതം) അംഗീകരിച്ചത്. എനിക്ക് മറ്റൊന്നും പറയാനില്ല.
(അവസാനിച്ചു)
2011, ജനുവരി 11, ചൊവ്വാഴ്ച
അജ്മീറിലും അലീഗഢ് വാഴ്‌സിറ്റിയിലും ബോംബു വെക്കാന്‍-അസിമാനന്ദ
Published on Monday, January 10, 2011 - 10:49 PM GMT ( 1 day 11 hours ago)
ബി.ജെ.പി മുന്‍ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ തുടങ്ങിയവര്‍ സന്യാസിനി പ്രജ്ഞാസിങ്ങിന്റെ
ഹിന്ദുവിനും മുസ്‌ലിമിനുമിടയില്‍ അവസാനിക്കാത്ത
ഞാന്‍ അമ്മ, അച്ഛന്‍, സഹോദരങ്ങള്‍ എന്നിവരുടെ കൂടെ കമാര്‍പുകുറിലാണ് താമസിച്ചിരുന്നത് ഞങ്ങളുടെ ഗ്രാമത്തിലാണ് സ്വാമി രാമകൃഷ്ണ പരമഹംസര്‍ ഭൂജാതനായത്. രാമകൃഷ്ണമിഷന്റെ ഒരു കേന്ദ്രം കൂടിയാണത്. ചെറുപ്പത്തിലേ ഞാന്‍ അവിടെ പോവുകയും അവരുടെ കൃതികളില്‍ ആകൃഷ്ടനാവുകയും ചെയ്തു. അധ്യയനകാലം കഴിഞ്ഞ് ആദിവാസികള്‍ക്കുവേണ്ടിയുള്ള സേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്ന് ഞാന്‍ ചെറുപ്പത്തിലേ തീരുമാനമെടുത്തിരുന്നു. കമര്‍പുകുര്‍ കോളജില്‍നിന്ന് 1971ല്‍ ഞാന്‍ ബി.എസ്‌സി ഫിസിക്‌സില്‍ ഓണേഴ്‌സ് ബിരുദമെടുത്തു. പഠനകാലത്തുതന്നെ ആര്‍.എസ്.എസുമായി ബന്ധപ്പെട്ടിരുന്നു. 1971ല്‍തന്നെ എം.എസ്‌സിക്കു പഠിക്കാന്‍ ബര്‍ധമാന്‍ കോളജില്‍ ചേര്‍ന്നു. അവിടെവെച്ച് ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായി. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് (ഡി.ഐ.ആര്‍) പ്രകാരം തടവിലായി. മൂന്നര മാസം കഴിഞ്ഞ് ജാമ്യംനേടി. 1977ല്‍ ഞാന്‍ ആര്‍.എസ്.എസിന്റെ ആദിവാസി കല്യാണ്‍ ആശ്രമില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ബംഗാളിലെ ബീര്‍ഭൂം, പുരുലിയ, ബങ്കൂറ ജില്ലകളില്‍ കല്യാണിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. അവിടങ്ങളില്‍ ആദിവാസികുട്ടികള്‍ക്കുവേണ്ടി ഹോസ്റ്റല്‍ തുടങ്ങിയത് ഞാനായിരുന്നു. 1981 വരെ അവിടെ തുടര്‍ന്നു. 1981ല്‍ ഞാന്‍ ഗുരുനാഥനായ സ്വാമി പരമാനന്ദയുടെ ബര്‍ധമാന്‍ ജില്ലയിലെ ബനഗ്രാമിലുള്ള ആശ്രമത്തിലെത്തി. അദ്ദേഹമാണ് എന്നെ സ്വാമി അസിമാനന്ദ എന്ന് പുനര്‍നാമകരണം ചെയ്തത്. 1988 വരെ ഗുരുജിയെ സേവിച്ചു കഴിഞ്ഞു.
നാളെ: മാലേഗാവ്, ഹൈദരാബാദ്, അലീഗഢ് യൂനിവേഴ്‌സിറ്റി ഉന്നം വെക്കുക.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ