Your Title

2011, മേയ് 9, തിങ്കളാഴ്‌ച

ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജം -അഹ്മദാബാദ് ജോയന്റ് കമീഷണര്‍

ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജം -അഹ്മദാബാദ് ജോയന്റ് കമീഷണര്‍
ഗാന്ധിനഗര്‍: ഇശ്‌റത്ത് ജഹാന്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് അഹ്മദാബാദ് പൊലീസ് ജോയന്റ് കമീഷണറും കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിലെ അംഗവുമായിരുന്ന സതീശ് വര്‍മ ഗുജറാത്ത് ഹൈകോടതിയില്‍ ബോധിപ്പിച്ചു. കോടതിയില്‍ സമര്‍പ്പിച്ച 75 പേജുവരുന്ന സത്യവാങ്മൂലത്തിലാണ് ഇതടക്കം ഗുരുതരമായ പല ആരോപണങ്ങളും വര്‍മ ഉന്നയിച്ചത്.
പ്രത്യേകാന്വേഷണ സംഘത്തിലെ ചില അംഗങ്ങള്‍ അന്വേഷണവുമായി ശരിയായി സഹകരിക്കുന്നില്ല എന്നും അന്വേഷണം അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്നും വര്‍മ ആരോപിച്ചു.പ്രത്യേക അന്വേഷണസംഘം ചെയര്‍മാന്‍ കര്‍ണൈല്‍ സിങ്ങും ദല്‍ഹി പോലീസിലെ ഒരു ഉദ്യോഗസ്ഥനും കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍, ഇവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാത്തതിനാല്‍ സത്യം പുറത്തുപറയുന്നതിന് ഭയപ്പെടുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന  ഡി.ഐ.ജി വന്‍സാരയുടെ കേസിലെ പങ്കിനെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെ തടവിലിട്ട ഗെസ്റ്റ് ഹൗസില്‍ ഇശ്‌റത്തിനെയും മറ്റുള്ളവരെയും നാലു ദിവസം പാര്‍പ്പിച്ചതായും അവിടെനിന്നും കണ്ണു മൂടിക്കെട്ടി നീല ഇന്‍ഡിക്ക കാറില്‍ കൊണ്ടുപോയ അവരെ വെടിവെച്ചു കൊല്ലുകയായിരുന്നെന്നും  വര്‍മ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസന്വേഷണത്തോടുള്ള കര്‍ണൈല്‍ സിങ്ങിന്റെ സമീപനത്തിനെതിരെ വര്‍മ നേരത്തേ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് 2004 ജൂണ്‍ 15ന്  മുംബൈയില്‍ നിന്നുള്ള ഇശ്‌റത്ത് ജഹാന്‍ അടക്കം നാലുപേരെ ഗുജറാത്ത് പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.
കേസില്‍ പുതിയ എഫ്.ഐ.ആറിന് ഹൈകോടതിയോട് അനുമതി തേടിയിരിക്കുയാണ് സതീശ് വര്‍മ. അതേസമയം, അഭിഭാഷകനായ യോകേഷ് ലഖാനിയെ ഹൈകോടതി കേസില്‍ അമികസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 



0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More