Your Title

2011, മേയ് 9, തിങ്കളാഴ്‌ച

ഇശ്‌റത് ജഹാന്‍-ജാവേദ് വധം: അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്ന് പ്രതികള്‍


അഹ്മദാബാദ്: ഇശ്‌റത് ജഹാന്‍-ജാവേദ് വ്യാജ ഏറ്റുമുട്ടല്‍ വധക്കേസ് അന്വേഷണം സി.ബി.ഐയെയോ മറ്റ് കേന്ദ്ര ഏജന്‍സികളെയോ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതരായ 14 പൊലീസ് ഓഫിസര്‍മാര്‍ ഗുജറാത്ത് ഹൈകോടതിയില്‍. അറസ്റ്റ് ഭയന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജി.എന്‍. സിംഗാള്‍ ഉള്‍പ്പെടെയുള്ളവര്‍ ജസ്റ്റിസുമാരായ ജയന്ത് പട്ടേല്‍, അഭിലാഷ കുമാരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് മുമ്പാകെ ഹരജി നല്‍കിയത്.
ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് (എസ്.എ.ടി) ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അപേക്ഷയില്‍ മേയ് നാലിന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. തങ്ങളോട് വ്യക്തിപരമായി വൈരാഗ്യമുള്ള ചില ഐ.പി.എസ് ഉദ്യോഗസ്ഥരോട് അടുപ്പമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മക്കാണ് അന്വേഷണത്തിന്റെ പൂര്‍ണ ചുമതലയെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട സീഡികളും ഫോട്ടോകളും പിടിച്ചെടുക്കാന്‍ തങ്ങളുടെ ഓഫിസുകള്‍ റെയ്ഡ് ചെയ്യവെ വര്‍മ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹരജിയില്‍ പറഞ്ഞു. തങ്ങളെ കേസില്‍ കുടുക്കാന്‍ വര്‍മ അമിതാധികാരവും കുത്സിത മാര്‍ഗവും അവലംബിക്കുമെന്നും അവര്‍ ആരോപിച്ചു. 2004ലാണ് അഹ്മദാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഇശ്‌റത് ജഹാനും മലയാളിയായ ജാവേദ് എന്ന പ്രാണേഷ് കുമാറും വെടിയേറ്റു മരിച്ചത്.
ഇവര്‍ക്കൊപ്പം മറ്റ് രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ, ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി എന്നിവരെ കൊലപ്പെടുത്താന്‍ എത്തിയ ലശ്കറെ ത്വയ്യിബ ബന്ധമുള്ള ഇവര്‍ തങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നത്.
കൂടുതല്‍ അന്വേഷണമില്ലാതെ കേസ് അവസാനിപ്പിച്ചുവെങ്കിലും മജിസ്‌ട്രേറ്റ് എസ്.പി. തമാങ്ങിന്റെ ഉത്തരവ് പ്രകാരം നടത്തിയ പുനരന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ തമാങ്ങിന്റെ അന്വേഷണം ഹൈകോടതി പിന്നീട് സ്‌റ്റേ ചെയ്തു. ഇതിനെതിരെ ഇശ്‌റതിന്റെ മാതാവ് ശമീമ കൗസറും ജാവേദിന്റെ പിതാവ് ഗോപിനാഥ പിള്ളയും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഗുജറാത്ത് ഹൈകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
സിംഗാളിന് പുറമെ കെ.എം. വഗേല, ആര്‍.ഐ. പട്ടേല്‍, തരുണ്‍ ബരോതാള്‍, എച്ച്. ഗോസ്വാമി തുടങ്ങിയവരാണ് അന്വേഷണം എസ്.എ.ടിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.



0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More