Your Title

2011, മേയ് 9, തിങ്കളാഴ്‌ച

ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍: പഴയ രംഗങ്ങള്‍ പുനഃസൃഷ്ടിച്ചു


അഹ്മദാബാദ്: മലയാളിയായ പ്രാണേഷ് പിള്ളയടക്കം നാലു പേര്‍ മരിച്ച ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ ഏഴ് വര്‍ഷത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പുനഃസൃഷ്ടിച്ചു.
പ്രാണേഷ് അടക്കമുള്ളവര്‍ ഏറ്റുമുട്ടലിനിടെയാണ് മരിച്ചതെന്ന പൊലീസിന്റെ അവകാശവാദം ശരിയാണോയെന്നറിയാനാണ് അതേയിടത്ത് പഴയ രംഗങ്ങള്‍ പുനഃസൃഷ്ടിച്ചത്.
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡസനിലേറെ ഫോറന്‍സിക് വിദഗ്ധരും ഗുജറാത്ത് ഹൈകോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം അധ്യക്ഷന്‍ കര്‍ണാല്‍ സിങ്, അംഗങ്ങളായ മോഹന്‍ ഝാ, സതീഷ് വര്‍മ എന്നിവരാണ് സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപം പഴയ രംഗങ്ങള്‍ അതേപടി ആവര്‍ത്തിച്ചത്.
2004ല്‍ ക്രൈംബ്രാഞ്ചിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതുപോലെത്തന്നെയാണ് ഏറ്റുമുട്ടല്‍ ചലനങ്ങള്‍ ഒന്നൊന്നായി നീങ്ങിയത്. ആയുധങ്ങള്‍ കണ്ടെത്തിയയിടം, പ്രാണേഷും കൂട്ടരും വന്ന കാര്‍ നിന്നയിടം എന്നീ സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു. യഥാര്‍ഥ സംഭവത്തില്‍ പങ്കാളികളായ ഗിരീഷ് സിംഗാള്‍, തരുണ്‍ ബരോത് എന്നീ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തെ സഹായിച്ചു.ജാവേദ് എന്ന പ്രാണേഷ് പിള്ള, ഇശ്‌റത്ത് ജഹാന്‍, അംജദ് അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവര്‍ 2004 ജൂണ്‍ 15നാണ് അഹ്മദാബാദിന്റെ പ്രാന്തപ്രദേശത്ത് കൊല്ലപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ വന്നവര്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.



0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More