Published on Mon, 04/25/2011 -
ന്യൂദല്‍ഹി: ഗുജറാത്ത് കലാപം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി ) തിങ്കളാഴ്ച സുപ്രീകോടതിയില്‍ സമര്‍പ്പിച്ചു. കോടതി റിപ്പോര്‍ട്ടിന്‍മേല്‍ ബുധനാഴ്ച വാദം കേള്‍ക്കല്‍ ആരംഭിക്കും. ഇതോടൊപ്പം കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്റിയുടെ ഭാര്യ സാകിയ ജഫ്റി സമര്‍പ്പിച്ച ഹരജിയും കോടതി പരിഗണിക്കുന്നുണ്ട്.
സാകിയ ജഫ്റിയുടെ ഹരജിയും ഐ.പി.എസ് ഒഫീസര്‍ സഞ്ജീവ് ഭട്ട് ഈയിടെ സമര്‍പ്പിച്ച സത്യവാങ്മൂലവും പരിഗണിച്ചാവും സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വിലയിരുത്തുക. ആവശ്യമെങ്കില്‍ സംഭവത്തില്‍ പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എസ്.ഐ.ടി തലവന്‍ ആര്‍ .കെ രാഘവനോട് കോടതി ആവശ്യപ്പെട്ടേക്കാം.
മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മന്ത്രിസഭാ അംഗങ്ങള്‍ ,പൊലീസ് ഉദ്യോഗസ്ഥര്‍ ,മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 62 പേരും 2002 ലെ കലാപത്തില്‍ പങ്കാളികളായതായാണ് സാകിയ തന്റെ ഹരജിയില്‍ ആരോപിക്കുന്നത്.
ഗുജറാത്ത് കലാപത്തിന്റെ ഗൂഢാലോചനയില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ