Your Title

2010, നവംബർ 22, തിങ്കളാഴ്‌ച

‘കാവി ഭീകരത‘ തന്റെ സൃഷ്ടിയല്ല: ചിദംബരം

‘കാവി ഭീകരത‘ എന്ന പ്രയോഗം സൃഷ്ടിച്ചത് താനല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. യുപി‌എ മന്ത്രിസഭയിലെ മന്ത്രിമാരടക്കം പലരും കാവി ഭീകരത എന്ന പദപ്രയോഗം നടത്തിയിട്ടുണ്ട് എന്നും ചിദംബരം പറഞ്ഞു.

കാവി ഭീകരത എന്ന പ്രയോഗം നടത്തിയതില്‍ ഉറച്ചു നിന്നുകൊണ്ടാണ് ചിദംബരം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. പദപ്രയോഗത്തിന്റെ പേറ്റന്റ് തനിക്ക് അവകാശപ്പെടാന്‍ കഴിയില്ല എന്ന് പറഞ്ഞ ചിദംബരം താന്‍ പാര്‍ട്ടിയുടെ വീക്ഷണങ്ങള്‍ക്ക് ഒരിക്കലും എതിരല്ല എന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നടന്ന ചില ബോംബ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ വലതുപക്ഷ തീവ്രവാദികള്‍ ആണെന്ന് സംശയമുണ്ട് എന്നായിരുന്നു തന്റെ സന്ദേശം. ‘കാവി’ എന്ന പ്രയോഗത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സന്ദേശം മുങ്ങിപ്പോകരുത് എന്നും ചിദംബരം പറഞ്ഞു. കോമണ്‍‌വെല്‍ത്ത് ഗെയിംസ് സുരക്ഷാ അവലോകനത്തിനു ശേഷം നടത്തിയ മാധ്യമ സമ്മേളനത്തിലാണ് ചിദംബരം ‘കാവി ഭീകരത’ പ്രശ്നത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.

കോമണ്‍‌വെല്‍ത്ത് ഗെയിംസിന് നാല് തലത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് എന്ന് ചിദംബരം വ്യക്തമാക്കി. കായിക താരങ്ങള്‍ക്ക് സൈന്യത്തിന്റെ സംരക്ഷണവും കമാന്‍ഡോ സുരക്ഷയും നല്‍കുമെന്നും ചിദംബരം വ്യക്തമാക്കി. തയ്യാറുള്ള എല്ലാ വിഭാഗങ്ങളുമായും കശ്മീരില്‍ ചര്‍ച്ച നടത്തുമെന്നും ചിദംബരം പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ പൊലീസ് മേധാവികളുടെ യോഗത്തില്‍ വച്ചാണ് ചിദംബരം വിവാദ പദപ്രയോഗം നടത്തിയത്. ഇതിനെതിരെ ബിജെപിയും പ്രതിപക്ഷ കക്ഷികളും ശക്തമായി രംഗത്ത് വന്നതുകൂടാതെ, കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചിദംബരത്തെ വിമര്‍ശിച്ചിരുന്നു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More