Your Title

2011, നവംബർ 25, വെള്ളിയാഴ്‌ച

കാവിഭീകരതയുടെ കാണാപ്പുറങ്ങള്‍


കാവിഭീകരത -ആശിഷ് ഖേതാന്‍

2007 ഫെബ്രുവരി 18ന്, സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായി പാകിസ്താന്‍ വിദേശമന്ത്രി ഖുര്‍ഷിദ് കസൂരി ഇന്ത്യയിലെത്തുന്നതിന് തൊട്ടുതലേന്ന്, ദല്‍ഹിക്കും ലാഹോറിനുമിടയില്‍ ഓടുന്ന രാജ്യാന്തര സംഝോത എക്‌സ്‌പ്രസിന്റെ രണ്ട് കോച്ചുകളില്‍ അര്‍ധരാത്രിയടുപ്പിച്ച് രണ്ട് തീവ്രശക്തിയുള്ള ബോംബുകള്‍ പൊട്ടിത്തെറിച്ചു. ട്രെയിനപ്പോള്‍ ദല്‍ഹിക്ക് 80 കിലോമീറ്റര്‍ വടക്ക് പാനിപ്പത്തിന് സമീപം ദിവാനയിലെത്തിയിരുന്നു. കോച്ചുകള്‍ നരകത്തീച്ചൂളകളായി മാറി. മറ്റൊരു കോച്ചില്‍ സ്ഥാപിച്ച മൂന്നാമത്തെ ബോംബ് പൊട്ടിയില്ല. 68 പേര്‍ കൊല്ലപ്പെട്ടു. ഡസന്‍കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. സമാധാന ചര്‍ച്ച വന്‍ തിരിച്ചടി നേരിട്ടു. ഡിറ്റനേറ്ററുകളും ടൈമറുകളും, സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഇരുമ്പുപൈപ്പുകള്‍, പെട്രോളും മണെ്ണണ്ണയും നിറച്ച കുപ്പികള്‍ എന്നിവ അടങ്ങിയ സ്യൂട്ട്‌കേസുകള്‍ മൂന്ന് കോച്ചുകളിലേക്ക് ഒളിച്ചു കടത്തിയതായി അന്വേഷണത്തില്‍ വെളിപ്പെട്ടു.
സംശയത്തിന്റെ സൂചിമുന പെട്ടെന്നുതന്നെ പാകിസ്താനി തീവ്രവാദികളുടെ നേര്‍ക്ക് തിരിഞ്ഞു. ഏത് അന്വേഷണ ഏജന്‍സിയോടാണോ നിങ്ങള്‍ സംസാരിക്കുന്നത് എന്നതനുസരിച്ച് പാകിസ്താന്‍ ആസ്ഥാനമായ ഭീകരസംഘടനകള്‍, പ്രധാനമായും ഹര്‍കത്തുല്‍ ജിഹാദ് ഇസ്‌ലാമി (ഹുജി)യും ലശ്കറെ ത്വയ്യിബ (എല്‍.ഇ.ടി )യും സ്‌ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായി. അമേരിക്കന്‍ ആഭ്യന്തരവകുപ്പുപോലും ഭീകരാക്രമണം ലശ്കറെ-ഹുജി സംയുക്ത നീക്കമായാണ് കണക്കാക്കിയത്. സ്‌ഫോടനത്തിനുപയോഗിച്ച ചില വസ്തുക്കള്‍ ഇന്ദോറിലെ ഒരു മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയതാണെന്ന് ഹരിയാന പൊലീസ് കണ്ടെത്തിയെങ്കിലും ആ വഴിക്കുള്ള തേടല്‍ പെട്ടെന്നുതന്നെ മരവിച്ചുപോയി.
ലഫ്.കേണല്‍ പുരോഹിത് 2006ല്‍ ജമ്മു-കശ്മീരില്‍നിന്ന് 60 കിലോ ആര്‍.ഡി.എക്‌സ് സംഭരിച്ചതായും അതിലൊരുഭാഗം സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തില്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്നതായും മഹാരാഷ്ട്ര എ.ടി.എസ് നാസിക് കോടതിയില്‍ പറഞ്ഞു. പക്ഷേ, തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ പിന്തിരിയാന്‍ നിര്‍ബന്ധിതരായി. ഹരിയാന പൊലീസ് മുംബൈയിലെത്തി പുരോഹിതിനെയും മറ്റ് മാലേഗാവ് പ്രതികളെയും ചോദ്യംചെയ്‌തെങ്കിലും അവരെ സംഝോത സ്‌ഫോടനവുമായി ബന്ധിപ്പിക്കാനുതകുന്ന തെളിവ് കണ്ടെത്താനായില്ല.
2010 ജൂലൈയില്‍ സംഝോത സ്‌ഫോടന അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)ക്ക് കൈമാറി. ചില ചോദ്യങ്ങളും അവ്യക്തതകളും അവശേഷിപ്പിക്കുന്നുവെങ്കിലും അസിമാനന്ദയുടെ കുറ്റസമ്മതം ഇപ്പോള്‍ സംഝോത സ്‌ഫോടനവുമായി ബന്ധപ്പെട്ട മറ്റ് നിരവധി കുത്തുകള്‍ കൂട്ടിയോജിപ്പിക്കുന്നു.
''2007 ഫെബ്രുവരിയില്‍''- അസിമാനന്ദ മജിസ്‌ട്രേറ്റിനോട് പറഞ്ഞു: ''റിതേശ്വറും ജോഷിയും ഒരു മോട്ടോര്‍ ബൈക്കില്‍ എന്നെ കാണാന്‍ ബാല്‍പുര്‍ എന്ന സ്ഥലത്തെ ഒരു ശിവക്ഷേത്രത്തില്‍ വന്നു. മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച ആയതിനാല്‍ ഇരുവരെയും കാത്ത് ഞാന്‍ അവിടത്തന്നെ ഉണ്ടായിരുന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഒരു ശുഭവാര്‍ത്തയുണ്ടാകുമെന്നും പത്രങ്ങള്‍ ശ്രദ്ധിച്ചോളണമെന്നും ജോഷി എന്നോട് പറഞ്ഞു. കൂടിക്കാഴ്ചക്കുശേഷം ഞാന്‍ ശബരീധാമിലേക്കു തിരിച്ചെത്തി, ജോഷിയും റിതേശ്വറും അവരുടെ വഴിക്കുംപോയി. രണ്ട് ദിവസത്തിനുശേഷം റിതേശ്വറിനെ കാണാനായി അയാളുടെ വത്സാഡിലെ വീട്ടില്‍ പോയി. ജോഷിയും പ്രജ്ഞയും അപ്പോള്‍തന്നെ അവിടുണ്ടായിരുന്നു. സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഹരിയാനയില്‍ സംഝോത സ്‌ഫോടനം നടന്നിരിക്കെ അയാള്‍ എങ്ങനെ അവിടെത്തിയെന്ന് ഞാന്‍ ജോഷിയോട് ചോദിച്ചു. സ്‌ഫോടനങ്ങള്‍ അയാളുടെ ആളുകളാണ് നടത്തിയതെന്ന് ജോഷി മറുപടി നല്‍കി.''
''അതേ യോഗത്തില്‍''- അസിമാനന്ദ തുടരുന്നു: ''ഹൈദരാബാദില്‍ സ്‌ഫോടനങ്ങള്‍ നടത്താനായി ജോഷി എന്നില്‍നിന്ന് 40,000 രൂപ വാങ്ങി. കുറച്ചു മാസങ്ങള്‍ക്കുശേഷം ചില  നല്ല വാര്‍ത്തകള്‍ വരാനുള്ളതിനാല്‍ പത്രങ്ങള്‍ ശ്രദ്ധിച്ചോളാന്‍ ജോഷി എന്നോട് ഫോണ്‍ചെയ്ത് പറഞ്ഞു. കുറച്ചുദിവസങ്ങള്‍ക്കകം മക്ക മസ്ജിദ് സ്‌ഫോടന വാര്‍ത്ത പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഏഴെട്ട് ദിവസങ്ങള്‍ക്കുശേഷം ശബരീധാമിലെത്തിയ ജോഷി ഒരു തെലുങ്ക് പത്രം കൊണ്ടുവന്നു. അതില്‍ സ്‌ഫോടനത്തിന്റെ ഒരു പടമുണ്ടായിരുന്നു.  ചില മുസ്‌ലിം പയ്യന്മാരെ സ്‌ഫോടനത്തിന് പിടികൂടിയതായി പത്രങ്ങളില്‍  കാണുന്നുവല്ലോയെന്ന് ഞാന്‍ ജോഷിയോട് പറഞ്ഞു. നമ്മുടെ ആളുകളാണ് അത് ചെയ്തതെന്ന്, പക്ഷേ, ജോഷി മറുപടി നല്‍കി.
2006ലെ മാലേഗാവ് സ്‌ഫോടനത്തിലേതുപോലെ 2007 മേയ് 17ഉം ഒരു വെള്ളിയാഴ്ച ആയിരുന്നു. ഉച്ചക്ക് 1.30ന് ഹൈദരാബാദ് പഴയ നഗരത്തിലെ ചാര്‍മിനാറിനടുത്ത പവിത്രമായ മക്ക മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കായി 4,000 മുസ്‌ലിംകള്‍ അണിനിരന്നിരിക്കവെ മോസ്‌ക്കിനകത്തെ വുദു (പ്രാര്‍ഥനക്കു മുമ്പുള്ള അംഗശുദ്ധി വരുത്തല്‍) എടുക്കുന്നതിനായുള്ള വുദു ഖാന(ജലധാര)ക്ക് സമീപം ഒരു ബോംബ് പൊട്ടിത്തെറിച്ചു.
മറ്റൊരു ഉഗ്ര സ്‌ഫോടക വസ്തു അടങ്ങിയ നീല റെക്‌സിന്‍ ബാഗ് പള്ളിയുടെ വടക്കേ അറ്റത്തെ കവാടത്തിനരികില്‍ തൂക്കിയിട്ടിരിക്കുന്നതായി കണ്ടെത്തി. അദ്ഭുതകരമായി ഈ ബോംബ് പൊട്ടിയില്ല. അന്വേഷണത്തില്‍ കൃത്യമായ സൂചനകളൊന്നും ഉരുത്തിരിയാതായതോടെ, അപലപനീയമാംവിധം സ്വാര്‍ഥമായൊരു നീക്കത്തില്‍, സുന്നി മുസ്‌ലിംകള്‍ക്കിടയിലെ അടിയുറച്ച തീവ്ര നിലപാട് വിഭാഗമായ അഹ്‌ലെ ഹദീസുമായി ബന്ധമുള്ള സ്ഥലത്തെ മുസ്‌ലിം പയ്യന്മാരെ അരിച്ചുപെറുക്കാന്‍ തുടങ്ങി. പാകിസ്താനിലേക്ക് കടന്ന ശാഹിദ് ബിലാലിനെപോലെയുള്ള അറിയപ്പെടുന്ന തദ്ദേശീയ മുസ്‌ലിം തീവ്രവാദികളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അകത്താക്കി. രണ്ടാഴ്ചക്കകം മലാക്‌പെതില്‍നിന്നും സൈദാബാദില്‍നിന്നുമുള്ള മൂന്ന് ഡസനിലധികം പയ്യന്മാരെ പിടികൂടി ചതച്ചരച്ചു. ഏതായാലും, മക്ക മസ്ജിദ് കേസുമായി അവരെ ബന്ധപ്പെടുത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടപ്പോള്‍ മൂന്ന് വ്യത്യസ്ത കള്ളക്കേസുകള്‍ ചമച്ച് ഈ തടവുകാരെ ആ കേസുകളില്‍ ഉള്‍പ്പെടുത്തി.
2007 ജൂണ്‍ ഒമ്പതിന് സി.ബി.ഐ മക്ക മസ്ജിദ് കേസന്വേഷണം ഏറ്റെടുത്തു.
കുറച്ച് മാസങ്ങള്‍ക്കുശേഷം 2007 ഒക്‌ടോബര്‍ 11ന് റമദാന്‍ മാസത്തില്‍ വൈകീട്ട് 6.15ന് അജ്മീര്‍ ശരീഫ് ദര്‍ഗയില്‍ മുസ്‌ലിം ഭക്തര്‍ നോമ്പ് തുറക്കവെ വളപ്പിനകത്തെ ഒരു മരത്തിനടുത്ത് ഉഗ്രശേഷിയുള്ള ഒരു ബോംബ് പൊട്ടിത്തെറിച്ചു. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഡസനിലധികം പേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിക്കാത്ത ഒരു സ്‌ഫോടകവസ്തുകൂടി അന്വേഷകര്‍ സ്ഥലത്തുനിന്ന് കണ്ടെത്തി.
ഇന്ദ്രേഷ് കുമാര്‍ ഏല്‍പിച്ച മുസ്‌ലിം പയ്യന്മാരാണ് ഈ സ്‌ഫോടനം നടത്തിയതെന്ന് അസിമാനന്ദ പറയുന്നു. ''അജ്മീര്‍ സ്‌ഫോടനത്തിന് രണ്ട് ദിവസത്തിനുശേഷം ജോഷി എന്നെ കാണാന്‍ വന്നു. ശബരീധാം മുമ്പ് പലതവണ സന്ദര്‍ശിച്ചിട്ടുള്ള രാജ് എന്നും മെഹുല്‍ എന്നും പേരുള്ള രണ്ടുപേര്‍ അയാളെ അനുഗമിച്ചിരുന്നു.  തന്റെ ആളുകളാണ് സ്‌ഫോടനം നടത്തിയതെന്നും സ്‌ഫോടനസമയത്ത് താനും അജ്മീര്‍ ദര്‍ഗയില്‍ ഉണ്ടായിരുന്നതായും ജോഷി അവകാശപ്പെട്ടു. ബോംബ് വെക്കാന്‍ രണ്ട് മുസ്‌ലിം പയ്യന്മാരെ  നല്‍കിയതായി അയാള്‍ പറഞ്ഞു. മുസ്‌ലിം പയ്യന്മാര്‍ പിടിയിലായാല്‍ ഇന്ദ്രേഷിന്റെ കള്ളി വെളിച്ചത്താകുമെന്ന് ഞാന്‍ ജോഷിയോട് പറഞ്ഞു. ഇന്ദ്രേഷ് അയാളെ കൊല്ലിച്ചേക്കാമെന്നും ശബരീധാമില്‍ താമസിക്കാനും ഞാന്‍ ജോഷിയോട് പറഞ്ഞു. രാജും മെഹുലും ബറോഡ ബെസ്റ്റ് ബേക്കറി കേസി(2002ല്‍ ഗുജറാത്തില്‍ കലാപകാരികള്‍ ബെസ്റ്റ് ബേക്കറിയില്‍ 12 മുസ്‌ലിംകളെ കൊന്നിരുന്നു.)ലെ പിടികിട്ടാപ്പുള്ളികളാണെന്ന് അപ്പോള്‍ ജോഷി എന്നോട് പറഞ്ഞു. ഗുജറാത്തില്‍ തങ്ങുന്നത് അവര്‍ക്ക് സുരക്ഷിതമല്ലാത്തതിനാല്‍ രാജിനെയും മെഹുലിനെയും ആശ്രമത്തില്‍ താമസിപ്പിക്കരുതെന്ന് ഞാന്‍ ജോഷിയോട് പറഞ്ഞു. ജോഷി രണ്ടുപേര്‍ക്കുമൊപ്പം അടുത്തദിവസം ദേവാസിന് തിരിച്ചു''- അസിമാനന്ദ പറഞ്ഞു.
കഷ്ടിച്ച് രണ്ടുമാസങ്ങള്‍ക്കപ്പുറം 2007 ഡിസംബര്‍ 29ന് , പെട്ടെന്നുണ്ടായൊരു തിരിവില്‍, അസിമാനന്ദയുടെ ഭയങ്ങള്‍ സത്യമായി. മധ്യപ്രദേശിലെ ദേവാസിലെ അയാളുടെ വീടിനു പുറത്ത് സുനില്‍ ജോഷി ദുരൂഹമായി കൊല്ലപ്പെട്ടു. സ്വന്തം സംഘടനയാല്‍തന്നെയാണ് അയാള്‍ കൊല്ലപ്പെട്ടതെന്ന് അയാളുടെ വീട്ടുകാര്‍ അവകാശപ്പെട്ടു. അറസ്റ്റിലായശേഷം സാധ്വി പ്രജ്ഞാ ഠാക്കൂറും ഈ അഭിപ്രായമുയര്‍ത്തി. പക്ഷേ, മധ്യപ്രദേശ് പൊലീസ് കേസ് പരിഹരിക്കുന്നതില്‍ പരാജയപ്പെടുകയും  കേസവസാനിപ്പിക്കാന്‍ കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു.
എന്തായാലും, 2010 ഡിസംബര്‍ അവസാനം, പുതിയ സൂചനകളനുസരിച്ച്, ആര്‍.എസ്.എസിലെ സ്വന്തം സുഹൃത്തുക്കളാലാണ് ജോഷി കൊല്ലപ്പെട്ടതെന്ന് ഒടുവില്‍ മധ്യപ്രദേശ് പൊലീസ് അംഗീകരിച്ചു. ഗുജറാത്തില്‍നിന്നുള്ള മായങ്ക്, ഹര്‍ഷദ് സോളങ്കി, മെഹുല്‍, മോഹന്‍, ഇന്ദോറില്‍നിന്നുള്ള ആനന്ദ് രാജ് കതാരെ, ദേവാസില്‍നിന്നുള്ള വാസുദേവ് പര്‍മാര്‍ എന്നിവര്‍ക്കുമേല്‍ അവര്‍ ജോഷിയുടെ കൊലക്കുറ്റം ചുമത്തി. മെഹുലും മോഹനും ഇപ്പോഴും രക്ഷപ്പെട്ട് നടക്കുമ്പോള്‍ സോളങ്കിയെ ദേവാസ് കോടതിയില്‍ ഹാജരാക്കുകയും അവിടെ അയാള്‍ കൊലക്കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ അറസ്റ്റുകളും എല്ലാ കുത്തുകളും യോജിപ്പിച്ചില്ല. ഉള്‍പ്പോരാണ് കൊലപാതക കാരണമെന്ന് പൊലീസ് അവകാശപ്പെടുന്നു. എന്നാല്‍, ജോഷിയുടെ കൊലക്കുപിന്നിലെ യഥാര്‍ഥലക്ഷ്യം അയാളെ നിശ്ശബ്ദനാക്കലായിരുന്നുവെന്ന് സി.ബി.ഐ വിശ്വസിക്കുന്നു. ജോഷിക്ക് ഭീകരതാ ഗൂഢാലോചനയെക്കുറിച്ച് ഏറെ അറിയാമായിരുന്നു. തങ്ങളുടെ കള്ളി വെളിച്ചത്തായേക്കുമെന്ന് അയാളുടെ യജമാനന്മാര്‍ ഭയന്നിരിക്കാം.
സുനില്‍ ജോഷിയുടെ കൊലപാതകം നിരവധി ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. അയാള്‍ ഭീകരതാ ഗൂഢാലോചനയിലെ താക്കോല്‍സ്ഥാനീയരിലൊരുവനായിരുന്നെങ്കില്‍, അയാള്‍ അങ്ങനെയായിരുന്നുവെന്ന് അറസ്റ്റിലായ പലരും തെളിവുനല്‍കുന്നു, എന്തുകൊണ്ട് സ്വന്തം സഖാക്കള്‍ അയാളെ കൊല്ലാനാഗ്രഹിച്ചു? ഇന്ദ്രേഷ് കുമാറിന്റെ മാനസപുത്രനായിരുന്നു, അയാളുടെ ഉത്തരവുകള്‍ക്കും അനുമതിക്കുമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന, അയാളെങ്കില്‍ ഗുരുസ്ഥാനീയന്‍ എന്തിനാണയാള്‍ മരിച്ചുകാണാന്‍ ആഗ്രഹിച്ചത്? എന്താകാം അവരെല്ലാം തമ്മില്‍ പിളര്‍പ്പും വഴക്കും സൃഷ്ടിച്ചത്? നീചസംഘത്തിനുള്ളിലെ വൃത്തികെട്ടതും വിശദീകരിക്കാനാകാത്തതുമായ വിഭാഗീയതയാണ് കൊലപാതകം സൂചിപ്പിക്കുന്നത്.
ജോഷി മരിക്കുകയും അസിമാനന്ദയുടെ കുറ്റസമ്മതത്തിലധികവും സ്‌ഫോടനങ്ങള്‍ സംബന്ധിച്ച് ജോഷി അയാളോട് പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി ആയതിനാലും  അസിമാനന്ദയുടെ കുറ്റസമ്മതമൊഴി ചിലയിടങ്ങളില്‍ വളരെ നേര്‍ത്തതായിപ്പോകുന്നതായും അതിനാല്‍, കാര്യമായ ഫലസിദ്ധി ഇല്ലാത്തതാണെന്നും തോന്നാം. എന്നാല്‍, ജോഷി മാത്രമല്ല ഈ പദപ്രശ്‌നത്തിലെ ഘടകം. അസിമാനന്ദയുടെ കുറ്റസമ്മതം വളരെ കരുത്തുറ്റതാണ്. കാരണം, അത് ഓരോ ഘട്ടത്തിലും തന്നത്തന്നെ കുറ്റവാളിയായി ഉള്‍പ്പെടുത്തുകയും ഭീകരാക്രമണ പദ്ധതികളില്‍ പങ്കെടുക്കുക മാത്രമല്ല, നിയമത്തില്‍നിന്ന് രക്ഷതേടിനടന്നപ്പോള്‍ സംഘടനയിലെ വിഭാഗങ്ങള്‍ നയിക്കുകയും അഭയമേകുകയും ചെയ്ത ഹിന്ദുത്വ പ്രചാരകരുടെ ഒരു ശൃംഖലയെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. കത്സാംഗ്രയുടെയും ഡാംഗെയുടെയും അറസ്റ്റ് പദപ്രശ്‌നത്തിലെ ബാക്കി കള്ളികള്‍ പൂരിപ്പിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നു.
ജോഷിയുടെ മരണത്തിന്റെ അര്‍ഥം ഭീകരസ്‌ഫോടനങ്ങള്‍ക്ക് അന്ത്യമായെന്ന് ആയിരുന്നില്ല- അതിതീവ്ര ഹിന്ദുത്വപക്ഷത്തുനിന്നുള്ളവയുടെയെങ്കിലും. മറ്റ് ചില ആര്‍.എസ്.എസുകാരുമായി ചേര്‍ന്ന് അയാള്‍ സൃഷ്ടിച്ച ഭീകര സംവിധാനം പ്രവര്‍ത്തനം തുടര്‍ന്നു.
കാവിഭീകര നിഴല്‍ സംഘടനയായ അഭിനവ് ഭാരതുമായി 2007 ജനുവരിയില്‍ ബന്ധത്തിലായതായി അസിമാനന്ദ സമ്മതിച്ചു. കേണല്‍ പുരോഹിത് സംഘത്തിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു. ഭോപാലില്‍ 2008 ഏപ്രിലില്‍ നടന്ന അഭിനവ് ഭാരത് യോഗത്തില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നിര്‍ദേശിച്ചതായി അസിമാനന്ദ സമ്മതിക്കുന്നു. സാധ്വി പ്രജ്ഞ, ഭരത് റിതേശ്വര്‍, കേണല്‍ പുരോഹിത്, ദയാനന്ദ് പാണ്ഡെ എന്നിവരും യോഗത്തില്‍ ഹാജരായിരുന്നു. ''അഭിനവ് ഭാരതിന്റെ നിരവധി യോഗങ്ങളില്‍ ഞാന്‍ പങ്കെടുക്കുകയും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു''- അസിമാനന്ദ മജിസ്‌ട്രേറ്റിനോട് പറഞ്ഞു. 2008 സെപ്റ്റംബര്‍ 29ന് ഭീകരത വീണ്ടും ആഞ്ഞടിച്ചു. ഇസ്‌ലാമിലെ  പുണ്യമാസമായ റമദാനില്‍ മാലേഗാവിലെ മുസ്‌ലിം മേഖലകളിലൊന്നായ ഭിക്കു ചൗകില്‍ ഉഗ്ര സ്‌ഫോടനമുണ്ടായി. സിമിയുടെ പൂട്ടിക്കിടന്ന ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ട മോട്ടോര്‍സൈക്കിളിലാണ് ബോംബ് ഒളിപ്പിച്ചിരുന്നത്. ഇസ്‌ലാമിക ഭീകരതയെ ചുറ്റിവളര്‍ന്ന പേടിഭ്രാന്ത് കണക്കിലെടുക്കുമ്പോള്‍ എല്ലാ സ്‌ഫോടനങ്ങള്‍ക്കുപിന്നിലും സിമി പ്രവര്‍ത്തകരാണെന്നത് അംഗീകരിക്കപ്പെട്ട പൊതുതത്ത്വമായിക്കഴിഞ്ഞിരുന്നു. ഒരു തെളിവുപോലും വേണ്ടിയിരുന്നില്ല. അതിനാല്‍, അവരുടെ ഓഫിസിന് മുന്നില്‍ ബോംബ് സ്ഥാപിക്കുന്നത് ഹിന്ദുത്വ സംഘങ്ങള്‍ക്ക് മരണ സൂചക പ്രവൃത്തിയായിരുന്നു.
നൂറുകണക്ക് മൈല്‍ അകലെ ഗുജറാത്തിലെ മൊദാസയെന്ന ചെറുപട്ടണത്തിലും സമാനമായൊരു ബോംബ് സ്‌ഫോടനം ഏതാണ്ട് ഒപ്പംതന്നെ നടന്നു. മാലേഗാവിലെപോലെ സുക്കാ ബസാര്‍ എന്ന് പേരായ മുസ്‌ലിംകോളനിയില്‍ പ്രത്യേക റമദാന്‍ പ്രാര്‍ഥനകള്‍ നടക്കുകയായിരുന്ന മോസ്‌ക്കിന് പുറത്താണ് സ്‌ഫോടനം നടന്നത്. വീണ്ടും മാലേഗാവിലെപോലെ മോട്ടോര്‍ സൈക്കിളിലാണ് ബോംബ് ഒളിപ്പിച്ചിരുന്നത്. രണ്ട് സ്‌ഫോടനങ്ങളും അഞ്ച് മിനിറ്റിന്റെ ഇടവേളയാല്‍ വേര്‍പെട്ടിരുന്നു.
മൂന്ന് വയസ്സുകാരനടക്കം ഏഴ് മുസ്‌ലിംകളെയാണ് മാലേഗാവ് സ്‌ഫോടനം കൊന്നത്. മൊദാസ സ്‌ഫോടനം 15 വയസ്സുകാരന്റെ മരണത്തിലാണ് കലാശിച്ചത്. മറ്റ് നിരവധിപേര്‍ക്ക് പരിക്കേറ്റു.
മാരകസ്‌ഫോടനങ്ങള്‍ നടക്കുന്നത് മുസ്‌ലിംമേഖലകളുടെ മധ്യത്തിലാകുമ്പോള്‍പോലും മുസ്‌ലിം പയ്യന്മാരെ ചിന്താശൂന്യമായി അതിന്റെ പേരില്‍ കുറ്റം ചാര്‍ത്തുന്നത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ നുഴഞ്ഞുകയറിയ പക്ഷപാതിത്വം എത്ര ആഴത്തിലാണ് ഇരിപ്പുറപ്പിച്ചിരിക്കുന്നത് എന്നതിന്റെ അളവുകോലാണ്. മനുഷ്യത്വരഹിത പ്രവൃത്തികള്‍ക്ക് പിന്നില്‍ ഹിന്ദുത്വസംഘങ്ങള്‍ ആകാമെന്നത് ഒരുവന്റെ സങ്കല്‍പത്തിനും അപ്പുറത്താണ്.
പക്ഷേ, അസിമാനന്ദ പറയുന്നതുപോലെ, ''2008 ഒക്‌ടോബറിലെന്നോ ഡാംഗെ എന്നെ ഫോണ്‍ ചെയ്ത് ശബരീധാമില്‍ വരണമെന്നും കുറച്ചുദിവസം താമസിക്കണമെന്നും ആഗ്രഹിക്കുന്നതായി പറഞ്ഞു. ഞാന്‍ നദിയാദിലേക്ക് (ഗുജറാത്ത്) പുറപ്പെടുന്നതിനാല്‍ എന്റെ അഭാവത്തില്‍ അവിടെ താമസിക്കുന്നത് നല്ല ആശയമായിരിക്കില്ലെന്ന് ഞാന്‍ അയാളോട് പറഞ്ഞു. അപ്പോള്‍, വ്യാര എന്ന സ്ഥലത്തുനിന്ന് അയാളെ കൂടെക്കൂട്ടി നദിയാദിലേക്കുള്ള വഴിയിലെ ബറോഡയില്‍ ഇറക്കണമെന്ന് ഷാംഗെ എന്നോടഭ്യര്‍ഥിച്ചു. വ്യാര ബസ്‌സ്‌റ്റോപ്പില്‍നിന്ന് ഞാന്‍ ഡാംഗെയെ എന്റെ സാന്‍ട്രോ കാറില്‍ കയറ്റി. രാംജി കത്സാംഗ്രയും അയാളെ അനുഗമിച്ചിരുന്നു. ഇരുവരും ഏതോ ഭാരവസ്തുനിറച്ച രണ്ടോ മൂന്നോ ബാഗുകള്‍ കൈയിലെടുത്തിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് വരുകയാണെന്ന് അവര്‍ എന്നോട് പറഞ്ഞു. ബറോഡയിലെ രാജ്പിപ്പല ജങ്ഷനില്‍ ഞാനവരെ ഇറക്കി. അത് മാലേഗാവ് സ്‌ഫോടനത്തിന് ഒരുദിവസം കഴിഞ്ഞായിരുന്നുവെന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു'', തന്റെ മൊഴി അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് അസിമാനന്ദ പറഞ്ഞു. അയാളുടെ കുറ്റസമ്മത മൊഴി കര്‍ക്കരെ കൂട്ടിച്ചേര്‍ത്ത തെളിവുകളെ കൂടുതല്‍ ശരിവെക്കുന്നു. 2008ലെ മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാധ്വി പ്രജ്ഞയെ മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റുചെയ്തശേഷം അസിമാനന്ദ ഒളിവില്‍പോയി. അവസാനം 2010 നവംബര്‍ 19ന് ഹരിദ്വാറില്‍നിന്ന് സി.ബി.ഐ അയാളെ അറസ്റ്റ് ചെയ്തു.
ഹിന്ദുത്വ ഭീകരതയുടെ മൂപ്പെത്തല്‍ അക്ഷര്‍ധാം ക്ഷേത്രം, സങ്കടമോചന്‍ ക്ഷേത്രം, പുണെയിലെ ജര്‍മന്‍ ബേക്കറി എന്നിവ അടക്കമുള്ള ഇടങ്ങളിലെ ഇസ്‌ലാമിക ഭീകരാക്രമണങ്ങളുടെ വിഹ്വലതയില്‍ വെള്ളം ചേര്‍ക്കുന്നില്ല. പക്ഷേ, അസിമാനന്ദയുടെ കുറ്റസമ്മതം ആര്‍.എസ്.എസിന് അസുഖകരമായ പല ചോദ്യങ്ങളുമുയര്‍ത്തും. ചിലരുടെ പ്രവൃത്തികള്‍ സംഘടനയെ മൊത്തം താറടിക്കുമെന്നതില്‍ ആര്‍ക്കും കേസില്ല. പക്ഷേ, ആര്‍.എസ്.എസ് ഉള്ളില്‍നിന്നുതന്നെ നേരിടേണ്ട അടിയന്തര ചോദ്യങ്ങളുണ്ട്. എന്നിട്ട്, രാഷ്ട്രത്തോട് ഉത്തരം പറയേണ്ടവ.
ഈ ഭീകര സ്‌ഫോടനങ്ങളില്‍ മിക്കവയിലും ആസൂത്രണത്തിലെയും ഉപയോഗിച്ച സാമഗ്രികളിലെയും ആധുനികത പ്രകടമാണ്. ആര്‍.ഡി.എക്‌സും സങ്കീര്‍ണ ബോംബ് മാതൃകകളും നിരവധി എണ്ണത്തില്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍. ഈ സ്‌ഫോടനങ്ങളില്‍ കുറ്റംചാര്‍ത്തപ്പെട്ട കാലാളുകളെല്ലാം വളരെ ദരിദ്രപശ്ചാത്തലത്തില്‍നിന്നാണെന്നത് കണക്കിലെടുക്കുമ്പോള്‍ മുകളില്‍നിന്നുള്ള പിന്തുണയും അനുമതിയും ഇല്ലാതെ അവര്‍ക്ക് ഈ സ്‌ഫോടനങ്ങള്‍ നടത്തുക സാധ്യമാണോ? സംഘടനയുടെ കര്‍ശന അധികാര ശ്രേണീഘടനയും അച്ചടക്കവും പരിഗണിക്കുമ്പോള്‍ മുകളിലുള്ളവരുടെ അറിവില്ലാതെ പ്രവര്‍ത്തിക്കുക ഇവര്‍ക്ക് സാധ്യമാണോ? ഏറ്റവും നിര്‍ണായകമായി, ഭീകര സ്‌ഫോടന ശൃംഖലയില്‍ നിരവധി ആര്‍.എസ്.എസ് പ്രചാരകരുടെയും മറ്റ് ബന്ധുക്കളുടെയും ഉള്‍പ്പെടലിനെക്കുറിച്ച തെളിവുകളുടെ ശേഖരണം കണക്കാക്കുമ്പോള്‍ എങ്ങനെയാണ് ആര്‍.എസ്.എസ് നേതൃത്വം പ്രതികരിക്കുക? സംഘടനയിലെ ഏതാനും അംഗങ്ങള്‍ തെമ്മാടികളായി മാറിയെന്നത് സത്യമായാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുമോ? ഹിന്ദുത്വ ലോകവീക്ഷണം ന്യൂനപക്ഷാവകാശങ്ങള്‍ക്ക് രാഷ്ട്രീയമായി എതിരായിരിക്കാം. പക്ഷേ, അത്, അതിലെ ചില അംഗങ്ങള്‍  ഹിന്ദുത്വ-ഇസ്‌ലാമിക തീവ്രവാദികള്‍ തമ്മിലെ മത്സര ഭീകരതയെന്ന ആത്മഹത്യാ മാര്‍ഗത്തിലേക്ക് രാജ്യത്തെ കൂടുതല്‍ കീഴ്‌പോട്ട് വലിച്ചിഴക്കുന്നത് നോക്കിയിരിക്കുന്നത്ര ദൂരംപോകുമോ, അതോ, ഉള്ളില്‍നിന്നുള്ള വൃത്തിയാക്കലെന്ന യുക്തിഭദ്ര മാര്‍ഗം സ്വീകരിക്കാന്‍ അത് തയാറാകുമോ?
(കടപ്പാട്: തെഹല്‍ക)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More