Published on Sat, 06/25/2011 - 08:41 മാധ്യമം
തൃശൂര്‍: കേരളത്തിലെ ആര്‍.എസ്.എസ് നേതൃത്വത്തില്‍ ബി.ജെ.പി. പിടി മുറുക്കുന്നു. ഇതിന്റെ ഭാഗമായി ആര്‍.എസ്.എസ്.നേതൃത്വത്തിലെ പ്രമുഖര്‍ തെറിക്കുന്നു. കഴിഞ്ഞ ഒരുമാസമായി നടന്നുവരുന്ന പ്രക്രിയക്ക് ആക്കം കൂടിയത്, വ്യാഴാഴ്ച തൃശൂരില്‍ ആര്‍.എസ്.എസിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആരംഭിച്ചതോടെയാണ്. യോഗം ഞായറാഴ്ചവരെ നീണ്ടു നില്‍ക്കും.
ആര്‍.എസ്.എസിന്റെ കേരളത്തിലെ മുഖവാരികയായ 'കേസരി'യുടെ പത്രാധിപര്‍ ആര്‍.സഞ്ജയനെ നീക്കാന്‍ യോഗം തീരുമാനിച്ചതും സംഘടനയില്‍ അപസ്വരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പകരം ആരെയും നിയമിച്ചിട്ടുമില്ല. ബി.ജെ.പി. നേതൃംത്വത്തിനു രുചിക്കാത്ത ലേഖനങ്ങള്‍ 'കേസരി'യില്‍ പ്രസിദ്ധീകരിക്കുന്നതായി േേനരത്തേ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആര്‍.എസ്.എസിന്റെ പ്രചാരകനും 8 വര്‍ഷമായി 'കേസരി' പത്രാധിപരുമായ സഞ്ജയനെ മാറ്റുമെന്ന് ആര്‍.എസ്.എസിന്റെ മിക്ക നേതാക്കളും കരുതിയിരുന്നില്ല. അപ്രതീക്ഷിതമായ ഈ മാറ്റം സംഘടനാ നേതൃത്വത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചന. ഇതിനു പുറമേ ബി.ജെ.പി നേതൃത്വം ആര്‍.എസ്.എസിനുമേല്‍ അവരുടെ അപ്രമാദിത്വം സ്ഥാപിക്കാനുള്ള പുറപ്പാടില്‍ തന്നെയാണ്. ഇതിന്റെ ഭാഗമായി ഇനിയും തലകള്‍ ഉരുളാനിടയുണ്ട്.
'കേസരി'യുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്താനുദ്ദേശിക്കുന്ന ഒരു വര്‍ഷത്തെ ആഘോഷപരിപാടികളുടെ സംഘാടക സമിതി അദ്ധ്യക്ഷനായിരുന്നു സഞ്ജയന്‍. ആ പദവിയും മാറ്റിയിട്ടുണ്ട്. 'കേസരി'യുടെ കെട്ടും മട്ടും മാറ്റിയത് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വത്തിന്റെ അറിവും സമ്മതവും കൂടാതെയായിരുന്നു വെന്ന ആരോപണവും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നതായാണ് അറിയുന്നത്. പത്രാധിപരുടെ തന്നിഷ്ടം നടപ്പാക്കുന്നു എന്നാരോപിച്ച് ഒരുമാസം മുമ്പ് പത്രാധിപ സമിതി അംഗമായ എം. ബാലകൃഷ്ണന്‍ 'കേസരി'യില്‍ നിന്ന് രാജിവച്ചിരുന്നു. ആര്‍.എസ്.എസ് കോഴിക്കോട് വിഭാഗം പ്രചാര്‍ പ്രമുഖ് കൂടിയാണ് ബി.ജെ.പി നേതൃത്വത്തോട് ആഭിമുഖ്യമുള്ള ബാലകൃഷ്ണന്‍.
ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനെ 'ജന്മഭൂമി'യുടെ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയത് ഒരുമാസം മുമ്പാണ്. രാജശേഖരന് ഇപ്പോള്‍ 'ജന്മഭൂമി' ഡയറക്ടര്‍ ബോര്‍ഡുയോഗത്തില്‍ അദ്ധ്യക്ഷം വഹിക്കാന്‍ മാത്രമാണ് അനുമതിയും അധികാരവും ഉള്ളത്. രാജശേഖരനു പകരം ഒരു വിദേശ മലയാളിയായ കിഷോര്‍ ഭാര്‍ഗവിനെയാണ് മാനേജീംഗ് ഡയറക്ടര്‍ ആക്കിയത്. അതിനു പുറമേ മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനും ബി.ജെ.പി അനുകൂലിയുമായ റാം മോഹനെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ആക്കി.
ആര്‍.എസ്.എസ് നേതാക്കളില്‍ സംസ്ഥാനത്ത് ഒന്നാമനായ പ്രാന്ത പ്രചാരകന്‍ എ.ഗോപാലകൃഷ്ണനെ ആസ്ഥാനത്തു നിന്ന് ഒരുമാസം മുമ്പ് മാറ്റിയിരുന്നു. ബി.ജെ.പി യുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തുന്നു എന്ന് ആരോപിച്ചായിരുന്നു, ഈ മാറ്റം. പകരം പി.ശശിധരനാണ് ചുമതല നല്‍കിയിട്ടുള്ളത്. 'കേസരി'യുടെ പത്രാധിപ സ്ഥാനത്തേക്ക് ജെ.നന്ദകുമാറിനെയോ കവിയായ എസ്.രമേശന്‍ നായരെയോ നിയമിക്കണമെന്നതാണ്, ബി.ജെ.പി.നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യത്തിലും സംസ്ഥാന സമിതിയോഗത്തില്‍ ഉടനെ തീരുമാനം ഉണ്ടാകുമെന്നറിയുന്നു.